
കാഞ്ഞങ്ങാട്: ശബരിമലയിലേക്ക് പോയ അയ്യപ്പ സംഘത്തിലെ സഹയാത്രികന്റെ ഇരുമുടിക്കെട്ടിൽ കള്ളനോട്ട് തിരുകിവെച്ചയാൾ പിടിയിൽ. കളനാട് ബാലഗോപാല ക്ഷേത്രത്തിനു സമീപം വാടക വീട്ടിലെ കിഷോർ കുമാർ (42) ആണ് പിടിയിലായത്. പ്രതിയെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ആറിന് പാലക്കുന്നിലെ മൊബൈൽ ഷോപ്പിൽ ഫോണിന്റെ ഡിസ്പ്ലേ മാറ്റാൻ ഉദുമ എരോലിലെ വിനോദ് 500ന്റെ നാല് നോട്ടുകൾ നൽകിയിരുന്നു. നൽകിയത് കള്ളനോട്ടാണെന്ന് കണ്ടെത്തിയതോടെ കടയുടമയുടെ പരാതിയിൽ എരോൽ വിനോദിനെ പ്രതിചേർത്തു. പ്രാഥമിക അന്വേഷണത്തിൽ വിനോദിന് കള്ളനോട്ടു സംഘവുമായി ബന്ധമില്ലെന്ന് വ്യക്തമായതോടെ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.
എരോൽ വിനോദും കിഷോർ കുമാറും ഉൾപ്പെട്ട സംഘം ശബരിമലയിൽ പോയി തിരികെവന്ന മൊബൈൽ കടയിൽ നോട്ട് നൽകിയത് എന്ന് മനസ്സിലാക്കിയ പൊലീസ് സംഘം വിനോദിനൊപ്പം ശബരിമലക്ക് പോയവരെക്കുറിച്ച് അന്വേഷണം നടത്തി. ഇതിനിടയിലാണ് പൊലീസിന് രഹസ്യ വിവരം ലഭിക്കുന്നത്. നാലുമാസം മുമ്പ് മംഗളുരു സിറ്റി ക്രൈം ബ്രാഞ്ച് ചെർക്കളയിൽനിന്ന് 500ന്റെ നാനൂറിലേറെ കള്ളനോട്ടുകളും കള്ളനോട്ട് അച്ചടിയന്ത്രവും പിടികൂടിയ കേസിൽ അറസ്റ്റിലായ മല്ലം സ്വദേശിയായ വിനോദിന്റെ സഹോദരീ ഭർത്താവാണ് എരോലിലെ വിനോദിനൊപ്പം ശബരിമലയിലേക്ക് പോയ കിഷോർ കുമാർ എന്ന വിവരമായിരുന്നു അന്വേഷണസംഘത്തിന് ലഭിച്ചത്.