മലപ്പുറം: വൻ ലാഭം വാഗ്ദാനം ചെയ്ത് ബിസിനസ് പങ്കാളിത്തത്തിലൂടെ കരുവാരക്കുണ്ട് സ്വദേശിയിൽ നിന്ന് അരക്കോടി രൂപയോളം തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ. കുരുവമ്പലം സ്വദേശിയായ പുനീത്ത് സലാഹുദ്ദീനെ (36) ആണ് കരുവാരക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.(Man arrested for cheating Rs 64.49 lakh in the name of business partnership)
'ഡി.എസ്.എ. പ്രോപ്പർട്ടി സെല്ലിങ് ബിസിനസിൽ' പങ്കാളിയാക്കി വൻ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് സലാഹുദ്ദീൻ ഭവനംപറമ്പ് സ്വദേശിയെ വലയിലാക്കിയത്. മൊബൈൽ ആപ്പുകൾ വഴി ഫണ്ട് വായ്പയെടുത്താൽ മതിയെന്നും, തുക മാസംതോറും താൻ തിരിച്ചടയ്ക്കാമെന്നും ഇയാൾ പരാതിക്കാരനെ വിശ്വസിപ്പിച്ചു.
ഇതുവഴി 64.49 ലക്ഷം രൂപയാണ് പ്രതി കൈക്കലാക്കിയത്. പരാതിക്കാരനെ വിശ്വസിപ്പിക്കാനായി 11.4 ലക്ഷം രൂപ ബാങ്ക് വായ്പാ തിരിച്ചടവ് ഇനത്തിലും 4 ലക്ഷം രൂപ ലാഭവിഹിതമായും, ആകെ 15.4 ലക്ഷം രൂപ ഇയാൾ പലപ്പോഴായി നൽകിയിരുന്നു.
ബാക്കി തുക അടയ്ക്കാതെ പ്രതി പിന്നീട് വിദഗ്ധമായി മുങ്ങുകയായിരുന്നു. താൻ ചതിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ പരാതിക്കാരൻ തുടർന്ന് പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾക്കെതിരെ ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും സമാന കേസുകളുണ്ടെന്ന് കണ്ടെത്തി.
അന്വേഷണത്തിനിടെ ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മഞ്ചേരി പോലീസാണ് സലാഹുദ്ദീനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.