

ചെന്നൈ: തമിഴകത്തെ പ്രിയ താരം ധനുഷും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും വെള്ളിത്തിരയിൽ നേർക്കുനേർ വരുന്നു. 2019-ൽ പുറത്തിറങ്ങിയ 'പേരൻപ്' എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി വീണ്ടും തമിഴിൽ സജീവമാകാനൊരുങ്ങുന്ന ചിത്രമാണിത്. നേരത്തെ മമ്മൂട്ടിയും ദിലീപും അഭിനയിച്ച 'കമ്മത്ത് ആൻഡ് കമ്മത്ത്' എന്ന മലയാളം ചിത്രത്തിൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നെങ്കിലും, ഇരുവരും പൂർണ്ണരൂപത്തിൽ ഒന്നിച്ചഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത ഇതിനുണ്ട്.
ശിവകാർത്തികേയന് വലിയ ബ്രേക്ക് നൽകിയ 'അമരൻ' എന്ന ചിത്രത്തിന് ശേഷം രാജ്‌കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. 'മാരി 2' എന്ന ചിത്രത്തിലെ റൗഡി ബേബിക്ക് ശേഷം ധനുഷും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു എന്നതും ആരാധകരെ ആവേശത്തിലാക്കുന്നു.
മമ്മൂട്ടിയുടെ സാന്നിധ്യം ചിത്രത്തിന്റെ ബിസിനസ് മൂല്യം വൻതോതിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തമിഴ് ചിത്രത്തിന് പുറമെ മലയാളത്തിലും വമ്പൻ പ്രോജക്റ്റുകളാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്.
ജനുവരിയിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്യും. 'ബ്ലാക്ക്' എന്ന സിനിമയിലെ ഐക്കണിക് കഥാപാത്രമായ 'കാരക്കമുറി ഷൺമുഖൻ' ആയി മമ്മൂട്ടി വീണ്ടും എത്തുമെന്നാണ് റിപ്പോർട്ടുകൾ. പ്രകാശ് വർമ്മ, അഭിരാമി തുടങ്ങിയവർക്കൊപ്പം ഉദയകൃഷ്ണയാണ് രചന.
അടൂർ ഗോപാലകൃഷ്ണൻ, ഖാലിദ് റഹ്മാൻ, നിതീഷ് സഹദേവ് എന്നിവരുടെ ചിത്രങ്ങളിലും അടുത്ത വർഷം മമ്മൂട്ടി അഭിനയിക്കും.