കൊച്ചി: നടൻ പൃഥ്വിരാജിനെതിരെയുള്ള അഖിൽ മാരാറുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മല്ലിക സുകുമാരൻ (Mallika Sukumaran vs Akhil Marar). പൃഥ്വിരാജ് തന്റെ നിർമ്മാണ കമ്പനിയിലൂടെ പുതുമുഖങ്ങൾക്ക് അവസരം നൽകുന്നില്ലെന്ന അഖിലിന്റെ വാദം പച്ചക്കള്ളമാണെന്ന് മല്ലിക പറഞ്ഞു. അഖിലിനെ ബുദ്ധിയുള്ള പയ്യൻ എന്നാണ് കരുതിയതെന്നും എന്നാൽ ഇപ്പോൾ അയാൾ വെറും അഭിനയമാണ് കാഴ്ചവെക്കുന്നതെന്നും മല്ലിക കുറ്റപ്പെടുത്തി.
‘കുരുതി’ മുതൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ചെയ്ത സിനിമകളിൽ നിരവധി പുതുമുഖ സംഗീത സംവിധായകർക്കും എഴുത്തുകാർക്കും കലാകാരന്മാർക്കും അവസരം നൽകിയിട്ടുണ്ട്. ഒന്നും അന്വേഷിക്കാതെയാണ് അഖിൽ ഇത്തരത്തിൽ സംസാരിക്കുന്നത്. “വഴിയേ പോകുന്ന ചെണ്ടയ്ക്കൊക്കെ അടിയുണ്ടാക്കുന്ന സ്വഭാവമാണ് അഖിലിന്റേത്. ആദ്യം കണ്ടപ്പോൾ സാമർത്ഥ്യമുള്ള കുട്ടിയാണെന്ന് കരുതിയിരുന്നു. എന്നാൽ ഇപ്പോൾ ഇയാൾ ജീവിതത്തിൽ അഭിനയിച്ചു നടക്കുകയാണ്. ഞാൻ അയാളെ ഒരു ട്രോളനായിട്ടാണ് കാണുന്നത്.”
ആരെങ്കിലുമൊക്കെ സുഖിപ്പിച്ച് കാര്യസാധ്യത്തിന് വേണ്ടി മൈക്കിന് മുന്നിൽ എന്തും പറയുന്ന രീതിയാണ് അഖിലിന്റേത്. കഷ്ടം എന്നല്ലാതെ ഒന്നും പറയാനില്ലെന്നും മല്ലിക കൂട്ടിച്ചേർത്തു.
നേരത്തെ ഒരു അഭിമുഖത്തിനിടെയാണ് പൃഥ്വിരാജ് പുതിയ ആളുകളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് അഖിൽ മാരാർ ആരോപിച്ചത്. ഇതിനെതിരെയാണ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ രംഗത്തെത്തിയത്. 71 വയസ്സായ താൻ വളർന്നുവരുന്ന ഒരു കലാകാരൻ എന്ന നിലയിലാണ് ഇതുവരെ അഖിലിനോട് ക്ഷമിച്ചിരുന്നതെന്നും മല്ലിക വ്യക്തമാക്കി.
Story Summary: Actress Mallika Sukumaran slammed Akhil Marar for his statement that Prithviraj Sukumaran does not provide opportunities to newcomers. Mallika called Akhil a “troller” and alleged that he is “acting in real life.” She highlighted that Prithviraj’s production house has introduced many new talents since the film ‘Kuruthi’.

