കോഴിക്കോട്: മാളിക്കടവിൽ 26-കാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രതി വൈശാഖനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടും. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക.(Malikkadavu murder, Police to take the accused into custody)
വിവാഹം കഴിച്ചില്ലെങ്കിൽ തങ്ങൾ തമ്മിലുള്ള ബന്ധം വൈശാഖന്റെ ഭാര്യയെ അറിയിക്കുമെന്ന് യുവതി പറഞ്ഞതാണ് കൊലപാതകത്തിന് പ്രകോപനമായത്. ഒരുമിച്ച് മരിക്കാമെന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് വൈശാഖൻ തന്റെ സ്ഥാപനത്തിലേക്ക് യുവതിയെ വിളിച്ചുവരുത്തിയത്.
രണ്ട് കുരുക്കുകൾ തയ്യാറാക്കിയ ശേഷം യുവതിയുടെ കഴുത്തിൽ കയർ ഇട്ടു. തുടർന്ന് യുവതി കയറിനിന്ന സ്റ്റൂൾ വൈശാഖൻ തന്ത്രപൂർവ്വം ചവിട്ടി മാറ്റുകയായിരുന്നു. ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതിയുടെ ശ്രമം.
അന്വേഷണത്തിനിടെ പ്രതിക്കെതിരെ ഗുരുതരമായ മറ്റ് വെളിപ്പെടുത്തലുകളും പൊലീസിന് ലഭിച്ചു. കൊല്ലപ്പെട്ട യുവതിക്ക് 16 വയസ്സുള്ളപ്പോൾ മുതൽ വൈശാഖൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് പുറമെ പ്രതിക്കെതിരെ പോക്സോ വകുപ്പും പൊലീസ് ചുമത്തി.