Malika sukumaran

'മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീരശൂര പരാക്രമികളുടെ ഇടയില്‍ ഷമ്മി ഉള്‍പ്പെടെയുള്ളവരോട് ബഹുമാനം': മല്ലിക സുകുമാരന്‍ | Mallika Sukumaran

പൃഥ്വിരാജും ഷമ്മി തിലകനും പ്രധാന വേഷത്തിലെത്തിയ 'വിലായത്ത് ബുദ്ധ' മികച്ച രീതിയില്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്
Published on

പൃഥ്വിരാജും ഷമ്മി തിലകനും പ്രധാന വേഷത്തിലെത്തിയ 'വിലായത്ത് ബുദ്ധ' മികച്ച രീതിയില്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്. അതിനിടയില്‍ സിനിമയ്ക്കും ചിത്രത്തിലെ താരങ്ങള്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണവും നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ അമ്മയും മുതിര്‍ന്ന നടിയുമായ മല്ലിക സുകുമാരന്‍ ഈ വിഷയത്തില്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. (Mallika Sukumaran)

'യഥാ രാജാ തഥാ പ്രജ എന്നും പറഞ്ഞ്, കാശും വാങ്ങി പോക്കറ്റില്‍ ഇട്ട്, കൃഷ്ണന്റെയും വല്ല പെണ്ണിന്റെയും, ഒന്നുമറിയാത്ത കുഞ്ഞിന്റെയും ഒക്കെ ഫോട്ടോയും വെച്ചു പ്രൊഫൈല്‍ ലോക്കും ചെയ്തു മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീരശൂര പരാക്രമികളുടെ ഇടയില്‍ ഷമ്മിയോടും അനുകൂലിച്ചു പ്രതികരിച്ച വ്യക്തിത്വങ്ങളോടും ബഹുമാനം തോന്നുന്നു.' -ഇതാണ് മല്ലിക സുകുമാരന്‍ കുറിച്ചത്. പൃഥ്വിരാജിനെ കുറിച്ച് ഷമ്മി തിലകന്‍ പറയുന്നൊരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അവര്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

'നായകന്‍ പൃഥ്വിരാജ് ആയത് കൊണ്ട് മാത്രമാണ് 'വിലായത്ത് ബുദ്ധ'യിലെ ഭാസ്‌കരന്‍ മാഷ് എന്ന വേഷം ചെയ്യാന്‍ തനിക്ക് സാധിച്ചതെന്നും നായകനേക്കാള്‍ സ്‌ക്രീന്‍ സ്‌പേസ് കൂടുതലുള്ളൊരു കഥാപാത്രം എന്നെപ്പോലൊരു നടന് നല്‍കാനുള്ള മനസ്സുള്ള വ്യക്തിയാണ്, മറ്റൊരാളാണെങ്കില്‍ എനിക്ക് അങ്ങനെയൊരു വേഷം ചെയ്യാന്‍ പറ്റില്ല, അതിന് ജീവിതകാലം മുഴുവന്‍ രാജുവിനോടും ചിത്രത്തിന്റെ സംവിധായകനോടും താന്‍ കടപ്പെട്ടിരിക്കും' എന്നാണ് ഷമ്മി തിലകന്‍ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.

സിനിമയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളിലും ഷമ്മി തിലകന്‍ തന്റെ നിലപാട് അറിയിച്ചിരുന്നു. ചിത്രത്തില്‍ അഭിനയിച്ച താനടക്കമുള്ള എല്ലാവരോടുമുള്ള ക്രൂരതയാണ് ചിത്രത്തിന് എതിരായ സൈബര്‍ ആക്രമണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എഴുത്തുകാരനായ ജി.ആര്‍. ഇന്ദുഗോപന്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി അതേപേരില്‍ ജയന്‍ നമ്പ്യാര്‍ ഒരുക്കിയ 'വിലായത്ത് ബുദ്ധ'യെ ലക്ഷ്യമിട്ടുകൊണ്ട് മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയ യൂട്യൂബ് ചാനലിനെതിരെ കഴിഞ്ഞദിവസം സൈബര്‍ സെല്ലില്‍ സിനിമയുടെ നിര്‍മാതാവ് സന്ദീപ് സേനന്‍ പരാതി നല്‍കിയിരുന്നു. 'ഫസ്റ്റ് റിപ്പോര്‍ട്ട് ഓണ്‍ലൈന്‍' എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി. സിനിമയെയും അണിയറപ്രവര്‍ത്തകരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മത-രാഷ്ട്രീയ വിദ്വേഷം വളര്‍ത്തുന്നതുമായ രീതിയിലാണ് സിനിമയ്ക്ക് എതിരെയുള്ള പ്രചാരണം നടക്കുന്നത്. അതേസമയം ചിത്രത്തിന് എല്ലാത്തരം പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ, സൗദി വെള്ളക്ക തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഉര്‍വ്വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മിക്കുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'. എവിഎ പ്രൊഡക്ഷന്‍സിനുവേണ്ടി എ.വി. അനൂപുമായി ചേര്‍ന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആര്‍. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ രചിച്ചത്. ഷമ്മി തിലകന്‍, രാജശ്രീ, പ്രിയംവദ, അനു മോഹന്‍, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.

Times Kerala
timeskerala.com