തൃശൂർ : നേപ്പാളിൽ ജെൻ സി പ്രക്ഷോഭത്തിൻ്റെ ഭീകരതയിൽ കുടുങ്ങിപ്പോയവരിൽ മലയാളികളും ഉണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഇക്കൂട്ടത്തിൽ തൃശൂർ സ്വദേശിയായ ഡോകടർ ഉൾപ്പെടെയുള്ളവർ ഉണ്ട്. കൈലാസ തീർത്ഥാടനത്തിനായി പോയവരാണ് ഇവർ.(Malayalis trapped in Nepal due to Gen Z Protest)
വാടാനപ്പള്ളി, എരുമപ്പെട്ടി സ്വദേശികളാണ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ചൈന - ടിബറ്റ് അതിർത്തിയിൽ പെട്ടുപോയത്. ദർച്ചൻ എന്ന ചെറുപട്ടണത്തിലെ ഹോട്ടൽ മുറിയിലാണ് കുന്നംകുളം യൂണിറ്റി ആശുപ്രതിയിലെ സീനിയർ ഡോക്ടർ അവിണിപ്പുള്ളി വീട്ടിൽ ഡോ. സുജയ് സിദ്ധാർഥൻ, സുഹൃത്തും വാടാനപ്പള്ളി സ്വദേശിയുമായ അഭിലാഷ് എന്നിവരുള്ളത്. ഭക്ഷണത്തിന് ബുദ്ധിമുട്ട് ഇല്ലെങ്കിലും ഓക്സിജന്റെ കുറവ് ഇവരെ വലയ്ക്കുന്നുണ്ട്.
അതേസമയം, പൊതു സുരക്ഷയ്‌ക്കെതിരായ ഭീഷണികൾ ഉദ്ധരിച്ച് നേപ്പാൾ സൈന്യം ബുധനാഴ്ച, രാജ്യത്ത് നിരോധന ഉത്തരവ് വൈകുന്നേരം 5 മണി വരെ പ്രാബല്യത്തിൽ വരുമെന്നും തുടർന്ന് വ്യാഴാഴ്ച രാവിലെ 6 വരെ രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തുമെന്നും അറിയിച്ചു. പ്രസ്ഥാനത്തിൻ്റെ പേരിൽ അനാശാസ്യ സംഘങ്ങൾ വ്യക്തികൾക്കും സ്വത്തിനും നേരെ ആക്രമണം നടത്തുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തതായി സൈന്യം പറഞ്ഞു.