തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ബെംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ ഡ്രൈവറായി വർഷങ്ങളായി ജോലി ചെയ്യുന്ന ഇയാളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.(Malayali driver who brought absconding Rahul Mamkootathil to Bengaluru in police custody)
ഇന്നലെയാണ് ഇയാൾ പോലീസ് കസ്റ്റഡിയിലായത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ അന്വേഷണ സംഘം രാഹുൽ ഒളിച്ചുതാമസിക്കാൻ സാധ്യതയുള്ള പ്രത്യേക കേന്ദ്രത്തിലേക്ക് എത്തിയത്. എന്നാൽ ഈ കേന്ദ്രത്തിലും രാഹുലിനെ കണ്ടെത്താൻ സാധിച്ചില്ല. ഇന്നലെ മാത്രം നാല് സ്ഥലങ്ങളിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്.
രാഹുലിനെ നിർദ്ദേശിച്ച കേന്ദ്രത്തിലേക്ക് എത്തിക്കുക മാത്രമായിരുന്നു ഡ്രൈവറുടെ ദൗത്യം എന്നാണ് പുറത്തുവരുന്ന വിവരം. വാഹനങ്ങളിൽ മാറിമാറി സഞ്ചരിക്കുന്ന രാഹുലിന് ബെംഗളൂരുവിലെ ആളുകളുടെ സഹായം ലഭിക്കുന്നുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. രാഹുലിനായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ കോടതിയിൽ നിർണ്ണായക വിവരങ്ങൾ വെളിപ്പെടുത്തി. ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതിനായി രാഹുൽ യുവതിയുടെ ഫ്ലാറ്റിലെത്തി ആത്മഹത്യാഭീഷണി മുഴക്കിയെന്ന് പ്രോസിക്യൂഷൻ ഇന്നലെ കോടതിയിൽ വാദിച്ചു. ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചതിന് തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. സുഹൃത്തിന്റെ കയ്യിൽ നിന്ന് ഗർഭഛിദ്രത്തിനുള്ള ഗുളിക വാങ്ങി കഴിച്ചില്ലെങ്കിൽ ഫ്ലാറ്റിൽ നിന്ന് ചാടുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം.
ആദ്യം ഡോക്ടറെ കാണാൻ പോകാമെന്ന് യുവതി സമ്മതിച്ചിരുന്നു. എന്നാൽ, ഡോക്ടർക്ക് പെൺകുട്ടിയുടെ മാതാവിനെ പരിചയമുള്ളതിനാൽ അവരെ കാണാൻ പറ്റില്ലെന്ന് യുവതി അറിയിച്ചു. ഇതിനുപിന്നാലെയാണ് രാഹുലിന്റെ സുഹൃത്ത് ജോബി ഗുളികകൾ നൽകിയതെന്നാണ് പ്രോസിക്യൂഷൻ വാദം. ജോബിയിൽ നിന്ന് ഗുളിക വാങ്ങിക്കുന്നതിനായി രാഹുൽ ആത്മഹത്യാഭീഷണി മുഴക്കിക്കൊണ്ട് സമ്മർദ്ദം ചെലുത്തിയെന്നാണ് പ്രധാന വാദം. ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സഹായത്തിനായി സമീപിച്ച പെൺകുട്ടിയെ സുഹൃത്താക്കി മാറ്റി, ജീവിതാവസാനം വരെ കൂടെയുണ്ടാകുമെന്ന് വാഗ്ദാനം നൽകി ചൂഷണം ചെയ്യുകയാണ് ഒരു ജനപ്രതിനിധി ചെയ്തതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
"ഗുളിക കൊണ്ടുവരാൻ പെൺകുട്ടി ആവശ്യപ്പെടുന്ന ഓഡിയോ" പ്രതിഭാഗം ഹാജരാക്കിയപ്പോൾ, രാഹുൽ ആത്മഹത്യാഭീഷണി മുഴക്കിക്കൊണ്ടാണ് ഗുളിക രണ്ടാമത് കൊണ്ടുവരാൻ ആവശ്യപ്പെട്ടതെന്ന് പറഞ്ഞ് പ്രോസിക്യൂഷൻ ഇതിനെ ഖണ്ഡിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് ഉച്ചയ്ക്ക് 12:30-ഓടെ വിധി ഉണ്ടായേക്കും. അതേസമയം, ഒളിവിൽ കഴിയുന്ന രാഹുലിനായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങൾ പുറത്തുവന്നു. 2023-ലാണ് രാഹുൽ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നും ക്രൂരമായ പീഡനമാണ് നടത്തിയതെന്നും എഫ്.ഐ.ആറിൽ പറയുന്നു. എഫ്.ഐ.ആറിൽ രാഹുൽ മാങ്കൂട്ടത്തിൽ മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്.
ഇരയുടെ ടെലിഗ്രാം നമ്പർ വാങ്ങിയ ശേഷം വ്യാജ വാഗ്ദാനങ്ങൾ നൽകി പീഡിപ്പിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി, അവധിക്ക് യുവതി നാട്ടിലെത്തിയപ്പോൾ ഭാവി കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒറ്റപ്പെട്ട ഹോം സ്റ്റേയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കാറിൽ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചുവെന്നും യുവതിയുടെ ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായെന്നും എഫ്.ഐ.ആറിൽ പറയുന്നു. അനുവാദമില്ലാതെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. കേരളത്തിന് പുറത്ത് കഴിയുന്ന 23 വയസ്സുള്ള യുവതി, ഇ-മെയിൽ വഴിയാണ് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫിനും സോണിയാ ഗാന്ധിക്കും പരാതി നൽകിയത്. പരാതി കെ.പി.സി.സി. അധ്യക്ഷൻ പോലീസിന് കൈമാറിയതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് ബലാത്സംഗ വകുപ്പ് ചുമത്തി കേസെടുത്തത്. ഡി.വൈ.എസ്.പി. സജീവനാണ് അന്വേഷണ ചുമതല.
ഇൻസ്റ്റാഗ്രാമിലൂടെയുള്ള സൗഹൃദത്തിലൂടെ രാഹുൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പിന്നീട് വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ് വഞ്ചിച്ചെന്നുമാണ് പരാതി. യുവതിയുടെ മൊഴിയെടുക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ പോലീസ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. പുതിയ കേസ് രജിസ്റ്റർ ചെയ്തതും, യുവതി മൊഴിയിൽ ഉറച്ചുനിന്നാൽ രാഹുൽ സ്ഥിരം കുറ്റവാളിയാണെന്ന വാദവും മുൻകൂര്‍ ജാമ്യം ലഭിക്കുന്നതിൽ രാഹുലിന് കുരുക്കാകും. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നതും പുതിയ കേസ് രജിസ്റ്റർ ചെയ്ത കാര്യവുമടക്കം ചൂണ്ടി കാണിച്ചായിരിക്കും പ്രോസിക്യൂഷൻ ജാമ്യ ഹർജിയെ എതിർക്കുക. ജാമ്യ ഹർജിയിലെ വാദം പൂർത്തിയാക്കിയ ശേഷമായിരിക്കും കോടതി വിധി പറയുക.