

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ ജുബൈലിന് സമീപം നാരിയ സറാറിലെ താമസസ്ഥലത്ത് പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി(Malayali Died). തിരുവനന്തപുരം നെടുമങ്ങാട് കരവളവ് സ്വദേശി നസറുദ്ധീൻ മുഹമ്മദ് കുഞ്ഞ്(61) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സൗദിയിൽ കാൽനൂറ്റാണ്ടായി എ.സി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.
നസറുദ്ധീൻ എ.സി വർക്ക്ക്ഷോപ്പ് തുറന്നിട്ടില്ലെന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നസറുദ്ധീൻ മുറിയിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഇദ്ദേഹത്തെ, സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയില്ല. ശേഷം ഇദ്ദേഹം താമസിക്കുന്ന സ്ഥലത്തെത്തിയ സുഹൃത്തുക്കൾ നസറുദ്ധീനെ വിളിച്ചെങ്കിലും തുറക്കാത്തതിനാൽ പൊലീസിനെ വിവരമറിയ്ക്കുകയായിരുന്നു.
ഉടൻ തന്നെ അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ നസറുദ്ധീനെ നിലയിൽ കണ്ടെത്തുകയായിരുന്നു. പരേതന്റെ മൃതദേഹം മുലെജാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാരിയയിൽ തന്നെ സംസ്കരിക്കുമെന്നും ജുബൈൽ കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി അൻസാരി അറിയിച്ചു. പിതാവ് – മുഹമ്മദ് കുഞ്ഞ്, മാതാവ് – അബോസ ബീവി, ഭാര്യ – റജീന സറുദ്ധീൻ.