ആഗോള നിക്ഷേപകരായ ആന്റ്‌ലറിൽ നിന്ന് പ്രീ-സീഡ് ഫണ്ടിംഗായി 125,000 ഡോളർ കരസ്ഥമാക്കി കോഴിക്കോട് സ്വദേശി താരക് ശ്രീധരൻ കോ-ഫൗണ്ടറായുള്ള എ.ഐ സംരംഭം. ജർമ്മൻ പങ്കാളിയായ മാർക്ക് ഗെർലാക്കുമായി ചേർന്ന് സ്ഥാപിച്ച, സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാബ്‌ളോ എ.ഐ. ജീവൻരക്ഷാ ഉത്പന്നങ്ങൾ വികസിപ്പിക്കുന്ന കമ്പനികളുടെ സങ്കീർണ്ണമായ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ഓട്ടോമേറ്റ് ചെയ്യാനും വേണ്ടിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇന്ത്യയിലും യൂറോപ്പിലും കമ്പനിക്ക് വേണ്ടി ജീവനക്കാരെ നിയമിക്കാനും ആഗോള തലത്തിൽ പുതിയ പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുന്നതിനും വേണ്ടിയാകും തുക ചെലവഴിക്കുന്നതെന്ന് താരക് ശ്രീധരൻ പറഞ്ഞു.
ഫാബ്‌ളോ എ.ഐയുടെ ടെക്, പ്രോഡക്റ്റ്, ഡിസൈൻ ടീമുകൾ പ്രധാനമായും ഇന്ത്യയിലാണ് പ്രവർത്തിക്കുന്നത്. ആഗോളതലത്തിൽ വളരുന്നതിനനുസരിച്ച് ഇന്ത്യയിലെ പ്രവർത്തനം കൂടുതൽ വികസിപ്പിക്കാനും കൂടുതൽ ഡിപ്പാർട്ട്‌മെന്റുകളിലേക്ക് ആളുകളെ നിയമിക്കാനും ഉദ്ദേശിക്കുന്നുണ്ട്.