കോഴിക്കോട് : കെടി ജലീലിനെതിരെ ആരോപണവുമായി വീണ്ടും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. 2017ൽ നിർത്തിവെച്ച ഭൂമി ഏറ്റെടുക്കൽ നടപടികൾ കെ.ടി ജലീൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് പുനരാരംഭിച്ചത്.ഇതുമായി ബന്ധപ്പെട്ട രേഖകൾ ഫിറോസ് പുറത്ത് വിട്ടു.
സ്ഥലം ഏറ്റെടുപ്പിന് ഫണ്ട് അനുവദിക്കാൻ മന്ത്രിസഭയിൽ വെച്ച നോട്ടിൻ്റെയും 2017ൽ ഭൂമി ഏറ്റെടുക്കൽ നിർത്തി വെച്ചതിൻ്റെയും രേഖകളാണ് ഫിറോസ് പുറത്തു വിട്ടത്. മലയാളം സർവകലാശാലക്ക് ഏറ്റെടുക്കേണ്ട ഭൂമിക്ക് വില നിശ്ചയിച്ചത് മുതൽ നിർണായക തീരുമാനങ്ങൾ എടുത്തത് 2016ൽ എൽഡിഎഫ് സർക്കാരിന്റെ സമയത്താണ്.
വെട്ടം, ആതവനാട്, ബെഞ്ച് മാർക്ക് ഭൂമി സംബന്ധിച്ച തർക്കമുയർന്നു. ഇതോടെ 2017ൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന സി. രവീന്ദ്രനാഥ് ഭൂമി ഏറ്റെടുക്കൽ നിർത്തിവെച്ച് ഇറക്കിയ ഉത്തരവ് പി.കെ ഫിറോസ് പുറത്തു വിട്ടു.പിന്നീട് കെ.ടി ജലീലിനെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാക്കിയ ശേഷം ഇത് പുനരാരംഭിച്ചു. 2019 മാർച്ചിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ജലീലിൻ്റെ ആവശ്യം പരിഗണിച്ച് ഭൂമി ഏറ്റെടുക്കലിന്ന് പണം അനുവദിക്കാൻ മന്ത്രിസഭ തിരുമാനിച്ചതിൻ്റ രേഖയും ഫിറോസ് പുറത്തു വിട്ടു.
മലയാളം സർവ്വകലാശാല ഭൂമി തട്ടിപ്പിന് കൂട്ട് നിൽക്കാത്തതിനെ തുടർന്നാണ് സി രവീന്ദ്രനാഥിനെ മാറ്റിയതെന്ന് പികെ ഫിറോസ് ആരോപിച്ചു. രവീന്ദ്രനാഥിനെ മാറ്റിയാണ് കെടി ജലീലിനെ പിന്നീട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആക്കിയത്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് മന്ത്രി അബ്ദുറഹ്മാന്റെ കുടുംബം ഉൾപ്പടെയുള്ള കുറുവാ സംഘമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പികെ ഫിറോസും കെടി ജലീലും തമ്മിലുള്ള വാഗ്വാദങ്ങൾ തുടരുകയാണ്.