

മലയാള സിനിമാ ചരിത്രത്തിൽ സുവർണ്ണലിപികളാൽ എഴുതപ്പെടേണ്ട വിജയക്കുതിപ്പുമായി ദുൽഖർ സൽമാൻ നിർമ്മിച്ച് കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രമായെത്തിയ 'ലോക ചാപ്റ്റർ 1: ചന്ദ്ര'. ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച ചിത്രം ഇപ്പോൾ ആഗോളതലത്തിലുള്ള അംഗീകാരങ്ങളും സ്വന്തമാക്കിയിരിക്കുകയാണ്.
മലയാള സിനിമയിൽ നിന്ന് ആദ്യമായി 300 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന ചിത്രം എന്ന ചരിത്രനേട്ടം 'ലോക' സ്വന്തമാക്കി. 2025-ലെ ഇന്ത്യൻ പോപ്പ് കൾച്ചറിനെ സ്വാധീനിച്ച 18 പ്രധാന സംഭവങ്ങളിൽ ഒന്നായി വോഗ് (Vogue) മാഗസിൻ 'ചന്ദ്ര'യെ തിരഞ്ഞെടുത്തു. ഷാരൂഖ് ഖാന്റെ മെറ്റ് ഗാലാ പ്രവേശനത്തിനൊപ്പമാണ് മലയാളത്തിൽ നിന്നുള്ള ഈ സൂപ്പർഹീറോ ചിത്രം പട്ടികയിൽ ഇടംപിടിച്ചത്.ഡൊമിനിക് അരുൺ ആണ് ഈ ദൃശ്യവിസ്മയം അണിയിച്ചൊരുക്കിയത്.
ചിത്രത്തിന്റെ ആഗോള വിജയത്തിൽ നിർമ്മാതാവ് ദുൽഖർ സൽമാനും നായിക കല്യാണി പ്രിയദർശനും ആവേശം പങ്കുവെച്ചു. "ചന്ദ്ര ഇത്തരമൊരു 'യുഗചേതന' (Zeitgeist) ആയി മാറുമെന്ന് താൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല" എന്നാണ് ദുൽഖർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ദുൽഖറിന്റെ പോസ്റ്റിന് 'So Cool' എന്ന കമന്റുമായി കല്യാണിയും നന്ദി രേഖപ്പെടുത്തി.
വേഫെറർ ഫിലിംസിന്റെ ബാനറിൽ മൊത്തം അഞ്ച് ചിത്രങ്ങളാണ് ഈ സൂപ്പർഹീറോ ഫ്രാഞ്ചൈസിയിൽ പ്ലാൻ ചെയ്തിരിക്കുന്നത്.'ലോക'യുടെ രണ്ടാം ഭാഗത്തിൽ ടൊവിനോ തോമസ് ആണ് കേന്ദ്രകഥാപാത്രമായെത്തുന്നത്. 'ചാത്തൻ' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഒന്നാം ഭാഗത്തിൽ കല്യാണിക്കൊപ്പം നസ്‌ലെൻ, ചന്തു സലിംകുമാർ എന്നിവർ തിളങ്ങി. കൂടാതെ ദുൽഖർ സൽമാന്റെ കാമിയോ റോളും, മമ്മൂട്ടിയുടെ ശബ്ദസാന്നിധ്യവും (മൂത്തോൻ എന്ന കഥാപാത്രം) ആരാധകരെ ആവേശത്തിലാഴ്ത്തി. വരും ഭാഗങ്ങളിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യം ഉണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
മലയാള സിനിമയുടെ സാങ്കേതിക മികവും കഥാപരിസരവും ആഗോള നിലവാരത്തിലേക്ക് ഉയരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് 'ലോക'യുടെ ഈ വൻ വിജയം.