

കൊച്ചി: 2017 ഫെബ്രുവരി 17-ന് ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവം (Malayalam actress assault case) കേരളം ഏറെ ഞെട്ടലോടെ കേട്ട ഒരു ക്രൂരകൃത്യമാണ്. ഏഴര വർഷത്തോളം നീണ്ട വിചാരണയ്ക്ക് ശേഷം ഈ കേസിൻ്റെ വിധി ഇന്ന് (2025 ഡിസംബർ 8) എറണാകുളം പ്രിൻസിപ്പൽസ് സെഷൻസ് കോടതി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്.
2017 ഫെബ്രുവരി 17 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ആക്രമണം നടത്തിയ പൾസർ സുനിയും (Pulsar Suni ) സംഘവും ഒരാഴ്ചയ്ക്കകം പിടിയിലായി. ക്വട്ടേഷൻ നൽകിയത് സൂപ്പർ താരമായിരുന്ന ദിലീപാണെന്ന (Actor Dileep) സൂചനകൾ പിന്നീടാണ് ഉയർന്നത്. ചോദ്യം ചെയ്യലിന് ശേഷം 2017 ജൂലൈ 10-ന് അന്വേഷണസംഘം ദിലീപിനെ അറസ്റ്റ് ചെയ്തു. കേസിൻ്റെ വിചാരണാ നടപടികൾ ഏറെ നീണ്ടുനിന്നതും ശ്രദ്ധേയമായിരുന്നു.
ഏഴര വർഷത്തോളമാണ് വിചാരണ നീണ്ടുനിന്നത്. കോടതി 261 സാക്ഷികളെയാണ് വിസ്തരിച്ചത്. സാക്ഷി വിസ്താരത്തിന് മാത്രം 438 ദിവസങ്ങളെടുത്തു. നൂറുകണക്കിന് രേഖകളും തൊണ്ടിമുതലുകളും കോടതി വിശദമായി പരിശോധിച്ചു. ഗൂഢാലോചനയിൽ ദിലീപിന് പങ്കുണ്ടെന്ന് കോടതിയിൽ തെളിയിക്കപ്പെട്ടിട്ടുണ്ടോ എന്ന നിർണ്ണായക ചോദ്യത്തിനാണ് ഇന്ന് വിധിയിലൂടെ ഉത്തരം ലഭിക്കുക.
ഇതിനിടെ, കേസിൽ വിചാരണ വേളയിലെ സുപ്രധാന വിവരങ്ങൾ ഇന്ന് പുറത്തുവന്നു. നടിയെ ആക്രമിക്കാൻ മുൻപ് തന്നെ ഗൂഢാലോചന നടന്നിരുന്നതായും, 2017 ജനുവരി 3-ന് ഗോവയിൽ വെച്ച് കൃത്യം നടത്താൻ പദ്ധതിയിട്ടിരുന്നതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതായാണ് വിവരം. സിനിമയുടെ ചിത്രീകരണം ഗോവയിൽ നടക്കുന്ന സമയത്തായിരുന്നു ഈ നീക്കം.
2017 ജനുവരി 3-ന് നടിയെ എയർപോർട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നത് ഒന്നാം പ്രതിയായ പൾസർ സുനിയായിരുന്നു. തുടർ ദിവസങ്ങളിലും ഇയാൾ നടിയുടെ ഡ്രൈവറായി ജോലി ചെയ്തു. ഇതിനായി വാഹനം തേടി ജനുവരി 3-ന് സുനി സെന്തിൽ കുമാർ എന്നയാളെ വിളിച്ചതായും വിചാരണ വേളയിൽ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സെന്തിൽ കുമാർ കേസിലെ 173-ാമത് സാക്ഷിയാണ്.
പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ, മൂന്നാം പ്രതി മണികണ്ഠൻ എന്നിവരെ ഗോവയിൽ നിന്ന് വിളിച്ചതായും വിവരങ്ങൾ പുറത്തുവരുന്നു. ഗോവയിലെ ഷൂട്ടിംഗ് പൂർത്തിയാക്കി റോഡ് മാർഗം കേരളത്തിലേക്ക് മടങ്ങിവരുമെന്നായിരുന്നു പൾസർ സുനിയുടെ കണക്കുകൂട്ടൽ. ഈ യാത്രക്കിടയിൽ കൃത്യം നടത്താനായിരുന്നു ഗൂഢാലോചന. എന്നാൽ, ജനുവരി 5-ന് നടി അപ്രതീക്ഷിതമായി വിമാനമാർഗം കേരളത്തിലേക്ക് മടങ്ങിയതോടെ ഈ ശ്രമം പരാജയപ്പെട്ടു.
ഗോവയിലെ നീക്കം പരാജയപ്പെട്ടതിന് ശേഷമാണ് 2017 ഫെബ്രുവരി 17-ന് നടിയെ ആക്രമിച്ചത്. വിചാരണക്കോടതിയിൽ പ്രോസിക്യൂഷൻ ഈ വിവരങ്ങൾ അവതരിപ്പിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം.
കേസിലെ നാൾവഴികളും നിയമപോരാട്ടങ്ങളും
ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത ഒരു ദുരന്തവും, നിയമയുദ്ധവുമാണ് നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17-ന് തൃശൂർ-എറണാകുളം ദേശീയപാതയിൽ വച്ച് തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നടിക്കുനേരെ നടന്ന ലൈംഗികാതിക്രമം, കേവലം ഒരു കുറ്റകൃത്യം എന്നതിലുപരി, മലയാള സിനിമാ മേഖലയിലെ ഇരുണ്ട ഗൂഢാലോചനകളിലേക്കും പ്രമുഖ വ്യക്തികളുടെ പങ്ക് സംബന്ധിച്ചുമുള്ള ഞെട്ടിക്കുന്ന സത്യങ്ങളും തുറന്നുകാട്ടി. നടിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ അതിക്രൂരമായ കുറ്റകൃത്യത്തിന് പിന്നിൽ, ജനപ്രിയനായകൻ എന്ന് വിളിക്കപ്പെടുന്ന നടൻ ദിലീപ് ക്വട്ടേഷൻ നൽകി എന്നതാണ് പ്രോസിക്യൂഷന്റെ ആരോപണം. കേസിൽ, 85 ദിവസത്തെ ദിലീപിന്റെ ജയിൽ വാസവും , തുടർന്ന് ഏഴരക്കൊല്ലം നീണ്ട വിചാരണകളും പിന്നിട്ട്, കേരളം ഉറ്റുനോക്കുന്ന ഈ കേസിലെ അന്തിമ വിധി ഇന്ന് പ്രഖ്യാപിക്കാനിരിക്കുകയാണ്. നീതിയുടെ തുലാസ് ഏത് പക്ഷത്തേക്ക് ചരിയുമെന്ന ആകാംക്ഷയിലാണ് കേരളം.
2017 ഫെബ്രുവരി 17
'2017 ഫെബ്രുവരി 17' ന് തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമധ്യേയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നടി സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ ഓടിച്ചിരുന്നത് മാർട്ടിൻ എന്ന ഡ്രൈവറായിരുന്നു. നടിയുടെ വാഹനത്തിനു പിന്നിൽ മനഃപൂർവം വാൻ ഇടിപ്പിച്ചായിരുന്നു ക്രിമിനൽ സംഘം ആക്രമണത്തിന് തുടക്കമിട്ടത്. പൾസർ സുനി എന്ന ക്രിമിനൽ ഉൾപ്പെടെയുള്ള അക്രമി സംഘം നടിയെ ഒരു മണിക്കൂറിലധികം കാറിൽ നഗരത്തിലൂടെ കറങ്ങുകയും, ഈ സമയം ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. കൂടാതെ, ഈ അതിക്രമത്തിന്റെ ദൃശ്യങ്ങൾ സംഘം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്ത ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
കേസും അറസ്റ്റും
സംഭവത്തിനുശേഷം നടി ആദ്യം അഭയം തേടിയത് സംവിധായകൻ ലാലിന്റെ വീട്ടിലായിരുന്നു. പിന്നീട് സ്ഥലം എം.എൽ.എ. കൂടിയായ പി.ടി. തോമസിന്റെ സാന്നിധ്യത്തിൽ നടി പൊലീസിൽ വിവരമറിയിക്കാൻ ധൈര്യം കാണിക്കുകയും അതനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഈ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ ആലുവ ജുഡീഷ്യൽ കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോഴാണ് പോലീസ് നാടകീയമായി പിടികൂടിയത്. മുമ്പ് സിനിമാ താരങ്ങളുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന പൾസർ സുനിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നു.
അറസ്റ്റിലായ പ്രധാന പ്രതികൾ
പൾസർ സുനി (ഒന്നാം പ്രതി), നടൻ ദിലീപ് (എട്ടാം പ്രതി), ഡ്രൈവർ കൊരട്ടി സ്വദേശി മാർട്ടിൻ, വിജീഷ്, മണികണ്ഠൻ, വടിവാൾ സലിം, ചാർലി, മേസ്തിരി സുനിൽ, വിഷ്ണു, തിരുവല്ല സ്വദേശി പ്രദീപ് എന്നിവരാണ് കേസിൽ അറസ്റ്റിലായ പ്രധാന പ്രതികൾ.
ദിലീപിന്റെ അറസ്റ്റ്
തുടക്കം മുതൽ തന്നെ മലയാള സിനിമയിലെ പ്രശസ്ത നടൻ ദിലീപ് സംശയത്തിന്റെ നിഴലിലായിരുന്നു. ഈ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം ആദ്യമുയർത്തിയത് ദിലീപിന്റെ മുൻഭാര്യയായ മഞ്ജു വാര്യർ ആയിരുന്നു. വ്യക്തിപരമായ വിരോധം കാരണം നടിയോട് പകരം വീട്ടാനായി ദിലീപ് ക്വട്ടേഷൻ നൽകിയെന്നായിരുന്നു പ്രോസിക്യൂഷനും ആരോപിച്ചത്. ലൈംഗിക അതിക്രമം ഉൾപ്പെടെ അതീവ ഗുരുതരമായ കുറ്റങ്ങൾ ദിലീപ് ചെയ്തെന്നാണ് പ്രോസിക്യൂഷൻ വാദം. ആദ്യഘട്ടത്തിൽ പൾസർ സുനി ഇത് പണത്തിനു വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലാണെന്ന് മൊഴി നൽകിയെങ്കിലും മൊഴികളിലെ വൈരുദ്ധ്യങ്ങൾ സംശയങ്ങൾക്കിടയാക്കി. പ്രതിയായ സുനിയെ ദിലീപ് മൂന്നിലേറെ തവണ ബന്ധപ്പെട്ടിരുന്നു എന്ന സൂചന പോലീസിന് ലഭിച്ചത് കേസിൽ വഴിത്തിരിവായി.
വിശദമായ അന്വേഷണത്തിലൂടെ, ക്രൂരമായ പീഡനവും അതിനു പിന്നിലെ ഗൂഢാലോചനയും പോലീസ് മനസ്സിലാക്കി. 2017 ജൂലൈ 10-ന് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്യുകയും , 85 ദിവസം ദിലീപ് റിമാൻഡിൽ കഴിയുകയും പിന്നീട് സോപാധിക ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തു. എന്നാൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. കൊച്ചിയിലെ ഗോശ്രീ പാലത്തിൽ നിന്ന് കായലിലേക്ക് എറിഞ്ഞു കളഞ്ഞുവെന്നായിരുന്നു മുഖ്യ പ്രതി പൾസർ സുനിയുടെ മൊഴി.
നിയമപോരാട്ടത്തിന്റെ പ്രധാന നാൾവഴികൾ
നടിയെ ആക്രമിച്ച കേസിൽ ആകെ 14 പ്രതികളാണുള്ളത്. ദിലീപ് ഉൾപ്പെടെയുള്ള ആദ്യ എട്ട് പ്രതികൾക്കെതിരെ കൂട്ട ബലാൽസംഗക്കുറ്റമാണ് (IPC 376D) ചുമത്തപ്പെട്ടിട്ടുള്ളത്. 8 മുതൽ 12 വരെയുള്ള പ്രതികൾക്കുമേൽ ഗൂഢാലോചനാക്കുറ്റവും ചുമത്തി. 375 പേജുള്ള കുറ്റപത്രത്തിൽ 385 സാക്ഷികളും 12 രഹസ്യമൊഴികളും ഉൾപ്പെട്ടിരുന്നു.
പോലീസ് ഉദ്യോഗസ്ഥനായ അനീഷ് (സുനിയുടെ അകമ്പടി പോലീസുകാരൻ), സുനിയുടെ സഹതടവുകാരൻ വിപിൻലാൽ എന്നിവർ കേസിലെ മാപ്പുസാക്ഷികളാണ്. പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നീ അഭിഭാഷകരും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചു എന്നതാണ് ഇവർക്കെതിരായ പ്രധാന കുറ്റം.
വിചാരണവേളയിൽ, വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന നടിയുടെ ഹർജി ഹൈക്കോടതി പരിഗണിക്കുകയും സർക്കാർ അനുകൂല നിലപാട് എടുക്കുകയും ചെയ്തിരുന്നു. ഇതിനിടെ , സിബിഐ അന്വേഷണം വേണമെന്നും, അതിജീവിതയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് വേണമെന്നും ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ വിചാരണ വൈകിപ്പിക്കാനാണ് ഈ ആവശ്യങ്ങളെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് പ്രതിക്ക് നൽകരുതെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു. ഇത് തന്റെ അന്തസ്സിനെ ബാധിക്കുമെന്ന ആശങ്കയും അവർ കോടതി മുമ്പാകെ പങ്കുവച്ചു. ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന ദിലീപിന്റെ ഹർജി തള്ളിയ സി.ബി.ഐ. വിചാരണക്കോടതി, പകരം ദിലീപിനും അഭിഭാഷകർക്കും ഒരു സാങ്കേതിക വിദഗ്ദ്ധനുമൊപ്പം മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി നൽകി. എന്നാൽ നിർണായക സാക്ഷികളുടെ മൊബൈലുകളിൽ നിന്ന് ശേഖരിച്ച സ്വകാര്യ ദൃശ്യങ്ങൾ സാക്ഷികളെ സ്വാധീനിക്കാൻ ദുരുപയോഗം ചെയ്യുമെന്നുള്ള ആശങ്കയും പ്രോസിക്യൂഷൻ കോടതിയിൽ പങ്കുവച്ചിരുന്നു.
രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ നീണ്ട നിയമപോരാട്ടങ്ങൾക്കും സാക്ഷി വിസ്താരങ്ങൾക്കും ശേഷമുള്ള നിർണായകദിവസമാണ് നാളെ. കേസ് രജിസ്റ്റർ ചെയ്ത് വർഷങ്ങൾക്കിപ്പുറം, ഇന്ന് (08-12-2025) ഈ കേസിലെ അന്തിമ വിധി പ്രഖ്യാപിക്കാൻ പോകുകയാണ്. ഇത് ഒരു സ്ത്രീക് നീതി ലഭിക്കുന്നതിനോടൊപ്പം, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ സുതാര്യതയും ഇരകൾക്ക് നിയമത്തിലുള്ള വിശ്വാസവും ഉയർത്തിപ്പിടിക്കുന്നതിൽ ഒരു നാഴികക്കല്ലായി മാറും എന്നാണ് പ്രതീക്ഷ. രാജ്യവും ചലച്ചിത്ര ലോകവും, ഇതുവരെ കേട്ടുകേൾവിയില്ലാത്ത 'ബലാത്‌സംഗ കൊട്ടേഷൻ' കേസിന്റെ വിധിക്കായി കാത്തിരിക്കുകയാണ്.
The Actress Attack Case pertains to the sexual assault and filming of a prominent South Indian actress on February 17, 2017, while traveling from Thrissur to Ernakulam, Kerala. The core of the case involves the conspiracy behind the attack and the subsequent legal proceedings. Dileep, a famous Malayalam actor, was implicated as the eighth accused for allegedly hiring contract criminals, including the main accused Pulsar Suni, to carry out the crime, possibly due to professional vendetta.