മലപ്പുറം: പുതുവത്സരാഘോഷങ്ങൾ ലക്ഷ്യമിട്ട് വിൽപനയ്ക്കായി എത്തിച്ച 28 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറത്ത് രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. താനൂർ കാട്ടിലങ്ങാടി സ്വദേശി ജബീർ (36), പെരുവള്ളൂർ കുമണ്ണ സ്വദേശി മുഹമ്മദ് (42) എന്നിവരെയാണ് തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. ഷാജിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പുതുവത്സരത്തോടനുബന്ധിച്ച് പെരുവള്ളൂർ ഭാഗത്ത് വൻതോതിൽ രാസലഹരി വിതരണത്തിന് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച ബുള്ളറ്റ് ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രതികൾ നേരത്തെയും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച പെരുവള്ളൂരിൽ നിന്ന് 239 ഗ്രാം എം.ഡി.എം.എയുമായി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉൾപ്പെടെ നാലുപേരെ പോലീസ് പിടികൂടിയിരുന്നു. ഈ കേസിലെ പ്രതികളെ ബംഗളൂരുവിൽ നിന്ന് പിടികൂടിയതിന് തൊട്ടുപിന്നാലെയാണ് എക്സൈസിന്റെ ഈ പുതിയ കണ്ടെത്തൽ.
എക്സൈസ് ഇൻസ്പെക്ടർ എസ്. ഷാജിക്ക് പുറമെ അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ അരവിന്ദൻ, മിനുരാജ്, പ്രിവന്റീവ് ഓഫീസർമാരായ രജീഷ്, ദിലീപ് കുമാർ, ശിഹാബുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർ ദിദിൻ എന്നിവർ ചേർന്നാണ് പ്രതികളെ വലയിലാക്കിയത്. മേഖലയിൽ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.