

മലപ്പുറം: മലപ്പുറം നിരപ്പറമ്പിൽ കുടുംബ വഴക്കിനിടെ ഭർത്താവിനെയും ഭർതൃമാതാവിനെയും യുവതി കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളത്ത് വീട്ടിൽ ഭരത്ചന്ദ്രൻ (29), മാതാവ് കോമളവല്ലി (49) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ ഭരത് ചന്ദ്രന്റെ ഭാര്യ സജീനയെ (23) പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച (ജനുവരി 23) രാവിലെ 11 മണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കുടുംബാംഗങ്ങൾ തമ്മിലുണ്ടായ രൂക്ഷമായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. തർക്കത്തിനിടെ പ്രകോപിതയായ സജീന കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തുകയായിരുന്നു.
പരിക്കേറ്റ ഭരത് ചന്ദ്രനെയും കോമളവല്ലിയെയും ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സജീനയെ കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.