

മലപ്പുറം: കോട്ടയ്ക്കലില്‍ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം. കടയിൽ അകപ്പെട്ട രണ്ടു പെൺകുട്ടികളെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തി രക്ഷപെടുത്തി. പുലര്‍ച്ചെ 5.30 തോടെയാണ് തീ പിടിത്തമുണ്ടായത്. ഇവിടെ നിന്നും തൊട്ടടുത്ത ചെരുപ്പ് കടയിലേക്കും തീ പടര്‍ന്നു. (Massive fire)
സാധനങ്ങള്‍ വിലക്കുറവില്‍ വിൽക്കുന്നതിനായി താല്കാലികമായിയുണ്ടാക്കി കടയ്ക്കാണ് തീ പിടിച്ചത്. പ്ലാസ്റ്റിക് മുതലായ സാധനങ്ങളാണ് കടയ്ക്കുളിലുണ്ടായിരുന്നത്. ഇത് അപകടത്തിന്റെ ആഘാതം വര്‍ധിക്കാന്‍ കാരണമായി. തീ പടരാതിരിക്കാനുളള കാര്യങ്ങൾ നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തി. രക്ഷപ്പെടുത്തിയ രണ്ട് പേരില്‍ ഒരാള്‍ക്ക് ചെറിയ തോതില്‍ പരിക്കുകളുള്ളതായും വിവരമുണ്ട്.
പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥാപനത്തിലെ ജീവനക്കാരായ പെണ്‍കുട്ടികള്‍ കെട്ടിടത്തില്‍ സ്ഥിരമായി താമസിക്കുന്നവരാണ്. ഇവരെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഒരു ഭാഗത്തെ തീ പൂര്‍ണമായും അണച്ചാണ് രക്ഷപ്പെടുത്തിയത്.
മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് വിഭാഗം സ്ഥലത്തുണ്ട്. തീപിടിത്തമുണ്ടായ സ്ഥാപനത്തോട് ചേര്‍ന്ന് നിരവധി വസ്ത്ര വ്യാപാര സ്ഥാപനങ്ങളുള്ളതിനാല്‍ തീ പടരുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. തീ അണയ്ക്കുക ശ്രമകരമായ സാഹചര്യത്തില്‍ കൂടുതല്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ സംഭവ സ്ഥലത്തേക്ക് എത്തിച്ചേർന്നു. സ്ഥാപനത്തിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം.