

മലപ്പുറം: കരുവാരക്കുണ്ടിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. പ്ലസ് വൺ വിദ്യാർത്ഥിയായ 16-കാരൻ പെൺകുട്ടിയെ അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതി മാരകമായ ലഹരിക്ക് അടിമയാണെന്നും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.
വാണിയമ്പലം–തൊടിയപ്പുലം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കുറ്റിക്കാട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. പെൺകുട്ടിയുടെ കൈകൾ സ്വന്തം വസ്ത്രം ഉപയോഗിച്ച് പുറകിലേക്ക് കെട്ടിയിട്ട ശേഷമാണ് പ്രതി പീഡിപ്പിച്ചത്. ക്രൂരമായ മർദനമേറ്റ പെൺകുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ട്.പീഡനത്തിന് ശേഷം കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. യൂണിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹം.പ്രതി മാരകമായ ലഹരിമരുന്നുകൾക്ക് അടിമയാണെന്ന് പോലീസ് കണ്ടെത്തി. കൃത്യത്തിന് ശേഷവും ഇയാൾ യാതൊരു ഭാവമാറ്റവുമില്ലാതെയാണ് പെരുമാറിയത്.
വ്യാഴാഴ്ച സ്കൂളിലേക്ക് പോയ പെൺകുട്ടി സുഹൃത്തായ 16-കാരനൊപ്പം പോവുകയായിരുന്നു. തൊടിയപ്പുലത്ത് എത്തിയ ശേഷം ഉടൻ വീട്ടിലെത്തുമെന്ന് പെൺകുട്ടി അമ്മയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്ന് കരുതുന്നു. കൊലപാതകത്തിന് ശേഷം കൈകളിൽ രക്തക്കറയുമായി സമീപത്തെ വീട്ടിലെത്തി പ്രതി വെള്ളം ചോദിച്ചിരുന്നു. വീണതാണെന്നായിരുന്നു അന്ന് നൽകിയ വിശദീകരണം.
പെൺകുട്ടിയെ കാണാതായതോടെ കുടുംബം പോലീസിൽ പരാതി നൽകി. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നതിനിടെ, മൃതദേഹം കണ്ട വിവരം പോലീസിനെ ആദ്യം അറിയിച്ചതും പ്രതി തന്നെയാണ്. എന്നാൽ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ട പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ക്രൂരതയുടെ ചുരുളഴിഞ്ഞത്.
മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയതിന് ഈ ആൺകുട്ടിക്കെതിരെ അമ്മ പരാതി നൽകിയിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.