

മലപ്പുറം: കരുവാരക്കുണ്ടിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ (14) കൊല്ലപ്പെടുത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്. സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത 16-കാരനായ പ്ലസ് വൺ വിദ്യാർത്ഥി കുറ്റം സമ്മതിച്ചു. പെൺകുട്ടിയുടെ മൃതദേഹം പോലീസിന് കാണിച്ചുകൊടുത്തതും ഈ വിദ്യാർത്ഥിയാണ്.
കരുവാരക്കുണ്ട് സ്വദേശിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നതിനിടെയാണ് ഇന്ന് രാവിലെ പാണ്ടിക്കാട് തൊടിയപ്പുലം റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.
മൃതദേഹത്തിൽ മുറിവേറ്റ പാടുകൾ കണ്ടെത്തിയത് ആദ്യമേ കൊലപാതക സാധ്യതയിലേക്ക് വിരൽ ചൂണ്ടിയിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പ്രദേശവാസിയായ പ്ലസ് വൺ വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ വിദ്യാർത്ഥി കുറ്റം സമ്മതിക്കുകയും കൃത്യം നടത്തിയ രീതി വിവരിക്കുകയും ചെയ്തു.
പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ നിയമപ്രകാരമുള്ള നടപടികളാകും സ്വീകരിക്കുക. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പോലീസ് പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.