

മലപ്പുറം: ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗപരിശോധന നടത്തുന്നത് ഗുരുതരമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും, നിയമം ലംഘിക്കുന്ന വ്യക്തികൾക്കും സ്‌കാനിംഗ് സെന്ററുകൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തി അറിയിച്ചു. ഗർഭസ്ഥ ശിശു ലിംഗനിർണ്ണയ നിരോധന നിയമത്തെക്കുറിച്ച് (PCPNDT Act) സ്‌കാനിംഗ് സെന്റർ നടത്തിപ്പുകാർക്കായി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.(Malappuram DMO says gender testing of unborn babies should not be allowed, strict action against violators)
ജില്ലയിലെ സ്‌കാനിംഗ് സെന്ററുകളുടെ രജിസ്ട്രേഷനും നടത്തിപ്പും സംബന്ധിച്ച വിവരങ്ങൾ യോഗം വിശകലനം ചെയ്തു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. പുതുതായി രജിസ്ട്രേഷൻ എടുക്കുന്ന സ്ഥാപനങ്ങൾക്ക് നിയമത്തെക്കുറിച്ച് പ്രത്യേക പരിശീലനം നൽകും. കൂടാതെ, ലിംഗനിർണ്ണയത്തിനെതിരെ പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിനായി ജില്ലയുടെ പ്രധാന കേന്ദ്രങ്ങളിൽ ബോർഡുകൾ സ്ഥാപിക്കും.
നിയമാനുസൃത യോഗ്യതയുള്ള ഡോക്ടർമാർ മാത്രമേ സ്‌കാനിംഗ് നടത്തുന്നുള്ളൂ എന്ന് സ്ഥാപന ഉടമകൾ ഉറപ്പുവരുത്തണം. ജില്ലയിൽ പുതുതായി എട്ട് സ്ഥാപനങ്ങൾക്ക് സ്കാനിംഗിനായി അംഗീകാരം നൽകി. പുതിയതായി ആരംഭിക്കുന്ന എല്ലാ സ്ഥാപനങ്ങളും നിർബന്ധമായും രജിസ്ട്രേഷനായി അപേക്ഷിക്കണം. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എൻ.എൻ. പമീലി, സാമൂഹ്യപ്രവർത്തക ബീനാ സണ്ണി, അഡ്വ. സുജാത വർമ്മ, ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ കെ.പി. സാദിഖലി എന്നിവർ യോഗത്തിൽ പങ്കെടുത്തു.