മലപ്പുറം: മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി. സി.പി.എമ്മിൽ നിന്ന് ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തടയാനാണോ മന്ത്രി മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തുന്നതെന്ന് അവർ ചോദിച്ചു.(Malappuram District Panchayat Vice President criticizes Minister Saji Cherian)
സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന രോഗം ഇത്തരം മുറിവൈദ്യങ്ങൾ കൊണ്ട് ഭേദമാക്കാൻ കഴിയില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷവും യാഥാർത്ഥ്യം മനസ്സിലാകാത്തത് സജി ചെറിയാന്റെ അടിമ മനസ്സിന്റെ കുഴപ്പമാണെന്ന് അവർ പരിഹസിച്ചു.
മുസ്ലിം ലീഗിന്റെ മതേതരത്വം തലമുറകളായി അനുഭവിച്ചറിഞ്ഞ ജീവിത യാഥാർത്ഥ്യമാണ്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ ജനറൽ സീറ്റായ വൈസ് പ്രസിഡന്റ് പദവിയിൽ ഇരുന്നു കൊണ്ടാണ് താനിത് പറയുന്നത്. മുസ്ലിം ലീഗിനെതിരെയുള്ള വർഗീയ ആരോപണം പൂരപ്പറമ്പിലെ സീസൺ കച്ചവടം പോലെയാണെന്നും സ്മിജി കുറിച്ചു.