മലമ്പുഴ പീഡനക്കേസ്: അധ്യാപകന് സസ്പെൻഷൻ; സ്കൂൾ മാനേജറെ അയോഗ്യനാക്കാൻ ശുപാർശ | Malampuzha School Abuse Case

sexual abuse
Updated on

പാലക്കാട്: മലമ്പുഴയിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ ക്വാർട്ടേഴ്സിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകൻ അനിലിനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു. കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ച സ്കൂൾ മാനേജ്‌മെന്റിനും മറ്റ് അധ്യാപകർക്കുമെതിരെയും നടപടികൾ ആരംഭിച്ചു.

പീഡനവിവരം അറിഞ്ഞിട്ടും പോലീസിനെയോ ചൈൽഡ് ലൈനെയോ അറിയിക്കാതെ സംഭവം മറച്ചുവെക്കാൻ ശ്രമിച്ച സ്കൂൾ മാനേജറെ അയോഗ്യനാക്കാൻ എ.ഇ.ഒ (Assistant Education Officer) ശുപാർശ നൽകി. വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് (DDE) ഇതുസംബന്ധിച്ച റിപ്പോർട്ട് കൈമാറിയത്.

സംഭവം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയ സ്കൂൾ പ്രധാനാധ്യാപികയ്ക്കും ക്ലാസ് ടീച്ചർക്കും വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ ഇവർക്കെതിരെയും കർശനമായ വകുപ്പുതല നടപടികളുണ്ടാകും.

2025 നവംബർ 29-ന് ആണ് സംസ്‌കൃത അധ്യാപകനായ അനിൽ വിദ്യാർത്ഥിയെ ക്വാർട്ടേഴ്സിലെത്തിച്ച് ബിയർ നൽകി പീഡിപ്പിച്ചത്.കുട്ടി തന്റെ സഹപാഠിയോട് വിവരം പറയുകയും, സഹപാഠി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് ഡിസംബർ 18-ഓടെയാണ് സംഭവം പുറംലോകമറിയുന്നത്.

ഡിസംബർ 18-ന് തന്നെ സ്കൂൾ അധികൃതർ വിവരമറിഞ്ഞിരുന്നു. എന്നാൽ പോലീസിനെ അറിയിക്കുന്നതിന് പകരം സ്വന്തം നിലയിൽ അധ്യാപകനെതിരെ നടപടിയെടുത്ത് കേസ് ഒതുക്കാനാണ് ഇവർ ശ്രമിച്ചതെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി.

അധ്യാപകൻ അനിൽ നിലവിൽ റിമാൻഡിലാണ്. പട്ടികജാതി പീഡന നിരോധന നിയമം (SC/ST Act), പോക്സോ (POCSO) തുടങ്ങിയ ഗുരുതര വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com