പാലക്കാട്: മലമ്പുഴയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് മദ്യം നൽകി അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. ആദ്യഘട്ട കൗൺസിലിംഗിൽ ഏഴ് വിദ്യാർത്ഥികളാണ് അധ്യാപകനെതിരെ മൊഴി നൽകിയത്. ഇതിൽ അഞ്ച് കുട്ടികളുടെ മൊഴികൾ അതീവ ഗുരുതരമാണെന്ന് സി ഡബ്ല്യു സി കണ്ടെത്തി.(Malampuzha rape case, Statements of 7 students against teacher)
പീഡനത്തിന് ഇരയായ കുട്ടികളുടെ മൊഴികൾ രേഖപ്പെടുത്തുകയും തുടർ നടപടികൾക്കായി പോലീസിന് കൈമാറുകയും ചെയ്തു. കൂടുതൽ കുട്ടികൾ സമാനമായ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സിഡബ്ല്യുസി ചെയർമാൻ അറിയിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളിൽ സിഡബ്ല്യുസി കൗൺസിലർമാരുടെ മുഴുവൻ സമയ സേവനം ഉറപ്പാക്കും. എല്ലാ വിദ്യാർത്ഥികൾക്കും ഘട്ടം ഘട്ടമായി കൗൺസിലിംഗ് നൽകാനാണ് തീരുമാനം. നിലവിൽ മൊഴി നൽകിയ ആറ് വിദ്യാർത്ഥികൾക്കും സിഡബ്ല്യുസിയുടെ 'കാവൽപ്ലസ്' പദ്ധതി പ്രകാരമുള്ള പ്രത്യേക സുരക്ഷയും പിന്തുണയും ഉറപ്പാക്കും.
ഇത്രയും ഗൗരവകരമായ പരാതികൾ ഉണ്ടായിട്ടും വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ സ്കൂൾ മാനേജ്‌മെന്റിന് വീഴ്ച പറ്റിയെന്ന് സിഡബ്ല്യുസി നിരീക്ഷിച്ചു.