പാലക്കാട്: മലമ്പുഴയിലെ സംസ്കൃത അധ്യാപകൻ വിദ്യാർത്ഥികയെ പീഡിപ്പിച്ച സംഭവത്തിൽ ഇരകളായ കൂടുതൽ കുട്ടികൾ രംഗത്തെത്തി. നിലവിൽ 10 കുട്ടികളാണ് വനിതാ പോലീസ് സംഘത്തിന് മുൻപാകെ മൊഴി നൽകിയിരിക്കുന്നത്. നേരത്തെ അഞ്ച് കുട്ടികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഇതോടെ ആകെ പരാതിക്കാരുടെ എണ്ണം വർദ്ധിച്ചു.(Malampuzha rape case, 10 more students gave statements against the teacher)
മൊഴി നൽകിയ കുട്ടികൾക്ക് സന്നദ്ധ സംഘടനകളുടെയും സർക്കാരിന്റെയും സഹകരണത്തോടെ 'കാവൽ പ്ലസ്' സുരക്ഷ ഉറപ്പാക്കുമെന്ന് സി.ഡബ്ല്യു.സി ചെയർമാൻ അറിയിച്ചു. പീഡന വിവരം അറിഞ്ഞിട്ടും പോലീസിൽ റിപ്പോർട്ട് ചെയ്യാത്ത സ്കൂളിലെ മറ്റ് അധ്യാപകരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും.
പ്രതി ആറ് വർഷം മുൻപാണ് സ്കൂളിലെത്തിയത്. അന്നുമുതൽ ഇയാൾ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് മലമ്പുഴ പോലീസ് പരിശോധിച്ചു വരികയാണ്. മൊഴി നൽകിയ വിദ്യാർത്ഥികളെ വിദഗ്ധ കൗൺസിലിംഗിന് വിധേയമാക്കിയ ശേഷമായിരിക്കും പോലീസ് മറ്റ് തുടർനടപടികളിലേക്ക് കടക്കുക.