

പാലക്കാട്: മലമ്പുഴ യു.പി സ്കൂളിലെ വിദ്യാർത്ഥിയെ സംസ്കൃത അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ നടപടിക്ക് ശുപാർശ. പീഡനവിവരം മറച്ചുവെച്ചും നടപടി വൈകിപ്പിച്ചും അധ്യാപകനെ സഹായിക്കുന്ന നിലപാടാണ് സ്കൂൾ സ്വീകരിച്ചതെന്ന് എ.ഇ.ഒയുടെ റിപ്പോർട്ടിൽ പറയുന്നു.(Malampuzha molestation case, Shocking findings against the school in AEO's report)
നവംബർ 18-ന് തന്നെ കുട്ടിയുടെ മാതാപിതാക്കൾ സ്കൂൾ അധികൃതരെ വിവരമറിയിച്ചിരുന്നു. എന്നാൽ, പോലീസിനെയോ ചൈൽഡ് ലൈനെയോ അറിയിക്കുന്നതിന് പകരം നവംബർ 19-ന് അധ്യാപകനിൽ നിന്ന് രാജി എഴുതിവാങ്ങി അയാളെ ഒഴിവാക്കുകയാണ് സ്കൂൾ ചെയ്തത്.
അധ്യാപകൻ മറ്റൊരിടത്തേക്ക് ജോലി മാറിപ്പോകുന്നു എന്ന കള്ളമാണ് രാജിയുടെ കാരണമായി പ്രധാനാധ്യാപിക എ.ഇ.ഒയോട് പറഞ്ഞത്. യഥാർത്ഥ വിവരം നവംബർ 23-ന് മാത്രമാണ് പുറത്തുവിട്ടത്. നവംബർ 24-ന് കുട്ടിയുടെ മൊഴിയെടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) മുൻപാകെ ഹാജരാക്കാൻ നിർദ്ദേശം നൽകിയിട്ടും പ്രധാനാധ്യാപികയോ ക്ലാസ് ടീച്ചറോ അതിന് തയ്യാറായില്ല.
അധ്യാപകനെ സസ്‌പെൻഡ് ചെയ്യുന്നതിന് പകരം രാജി സ്വീകരിച്ച് സംരക്ഷിക്കാനാണ് സ്കൂൾ ശ്രമിച്ചത്. സംഭവത്തിൽ രേഖാമൂലം പരാതി നൽകാൻ ജനുവരി 3 വരെ സ്കൂൾ അധികൃതർ കാത്തിരുന്നുവെന്നും ഇതിൽ പറയുന്നു.