തൃശൂർ : മാളയിലെ 6 വയസുകാരൻ്റെ കൊലപാതകത്തിൽ പ്രതി ജോജോയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ ഉണ്ടാകാനിടയുള്ള സംഘർഷാവസ്ഥ പരിഗണിച്ച് വൻ പോലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നു.(Mala murder case)
പ്രതിയെ പോലീസ് വാഹനത്തിൽ നിന്ന് ഇറക്കിയതിന് ശേഷവും നാട്ടുകാർ കയ്യേറ്റ ശ്രമം നടത്തുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇയാൾ പോലീസിനോട് പറഞ്ഞത് പീഡനശ്രമത്തിനിടെ കുട്ടി കുതറി മാറിയതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ്.
ആളെക്കൂട്ടാനായി അലറി വിളിക്കുന്നതിനിടെ കുളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്നും വീണ്ടും ഉയർന്നു വന്ന കുട്ടിയെ ചവിട്ടിത്താഴ്ത്തി മരിച്ചുവെന്ന് ഉറപ്പിച്ചതിന് ശേഷം സ്ഥലംവിട്ടുവെന്നുമാണ് ഇയാൾ മൊഴി നൽകിയത്.
ചാമ്പക്ക നൽകാമെന്ന് പറഞ്ഞാണ് ഇയാൾ കുട്ടിയെ കുളക്കരയിലേക്ക് കൂട്ടിക്കൊണ്ട് പോയത്. പ്രകൃതി വിരുദ്ധ പീഡനം നടത്താൻ ശ്രമിച്ച ശേഷം പ്രതി കുട്ടിയെ കുളത്തിലേക്ക് തള്ളിയിട്ടു. ആറ് വയസുകാരൻ മൂന്ന് തവണ കരയ്ക്ക് കയറാൻ ശ്രമിച്ചെങ്കിലും പ്രതി വീണ്ടും കുളത്തിലേക്ക് തള്ളിയിട്ടു. നിർദാക്ഷിണ്യം വായ പൊത്തിപ്പിടിച്ചാണ് ഇയാൾ കുട്ടിയെ കുളത്തിൻ്റെ ആഴങ്ങളിലേക്ക് തള്ളിയത്.
കുട്ടി ജോജോയുടെ പിറകെ നടന്നു പോകുന്ന സി സി ടി വി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. പീഡന വിവരം അമ്മയോട് പറയുമെന്ന് പറഞ്ഞപ്പോഴാണ് ഇയാൾ കൊലപാതകം നടത്തിയത്.