

കൊച്ചി: മകരവിളക്ക് ദിനത്തിൽ ശബരിമലയിൽ പ്രവേശിക്കാവുന്ന ഭക്തരുടെ എണ്ണം 35,000 ആയി ഹൈക്കോടതി നിജപ്പെടുത്തി. ഇതിൽ 30,000 പേർക്ക് വെർച്വൽ ക്യൂ വഴിയും 5,000 പേർക്ക് സ്പോട്ട് ബുക്കിങ് വഴിയും പ്രവേശനം അനുവദിക്കും. ജനുവരി 13-നും സമാനമായ നിയന്ത്രണങ്ങൾ ബാധകമായിരിക്കും.(Makaravilakku Only 35,000 people can be there on the day, HC imposes strict restrictions)
മകരവിളക്ക് ദിനത്തിൽ രാവിലെ 10 മണിക്ക് ശേഷം നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് ഭക്തരെ കടത്തിവിടില്ല. പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള പ്രവേശനം രാവിലെ 11 മണിയോടെ അവസാനിപ്പിക്കണം.
തിരക്ക് നിയന്ത്രിക്കാനും അപകടങ്ങൾ ഒഴിവാക്കാനുമാണ് സമയക്രമത്തിലും ഭക്തരുടെ എണ്ണത്തിലും ഇത്തരമൊരു നിയന്ത്രണം കോടതി ഏർപ്പെടുത്തിയിരിക്കുന്നത്. മകരവിളക്ക് തൊഴാൻ എത്തുന്ന തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ ദേവസ്വം ബോർഡും പോലീസും കർശന നടപടികൾ സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ദർശനത്തിന് ശേഷം ഭക്തരെ മലയിറങ്ങാൻ സഹായിക്കുന്നതിനായുള്ള ക്രമീകരണങ്ങളും ഉടൻ പൂർത്തിയാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.