കൊച്ചി: മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിലും തീർത്ഥാടന പാതകളിലും തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ. വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.(Makaravilakku, High Court imposes strict restrictions on Sabarimala)
ജനുവരി 14ന് വെർച്വൽ ക്യൂ 30,000 പേർക്ക് മാത്രം. ജനുവരി 13ന് 35,000 പേർക്കും ജനുവരി 15 - 18ന് 50,000 പേർക്കും ജനുവരി 19ന് 30,000 പേർക്കുമാണ് അനുമതി. സ്‌പോട്ട് ബുക്കിങ് നേരത്തെ തന്നെ 5,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത സമയവും തീയതിയും തെറ്റിച്ചെത്തുന്നവരെ പ്രവേശിപ്പിക്കില്ല.
ജനുവരി 14-ന് രാവിലെ 10-ന് ശേഷം നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും, 11-ന് ശേഷം പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തീർത്ഥാടകരെ അനുവദിക്കില്ല. എരുമേലി കാനനപാത വഴി 1,000 പേർക്കും സത്രം-പുല്ലുമേട് വഴി 1,500 പേർക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. അപ്പാച്ചിമേട്-ബെയ്‌ലി ബ്രിഡ്ജ് വനപാത പൂർണ്ണമായും അടച്ചിടും.
തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കുന്നതിനായി 14-ന് പകൽ 12 മുതൽ സന്നിധാനത്ത് നിയന്ത്രണമുണ്ടാകും. പതിനെട്ടാംപടിക്ക് മുകളിലും ഫ്ലൈ ഓവറിലുമായി ഒരേസമയം 5,000 പേരിൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. പുല്ലുമേട്ടിൽ മകരജ്യോതി ദർശിക്കാൻ പാസുള്ള 5,000 പേരെ മാത്രമേ അനുവദിക്കാവൂ.
മകരവിളക്കിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളം കൊട്ടാരത്തിൽ നിന്ന് പുറപ്പെടും. തീർത്ഥാടകർക്ക് ആവശ്യമായ കുടിവെള്ളം, ലഘുഭക്ഷണം, അന്നദാനം എന്നിവ ഉറപ്പാക്കണമെന്നും മടക്കയാത്ര സുഗമമാക്കാൻ പമ്പ ഹിൽടോപ്പിൽ ആവശ്യമെങ്കിൽ പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്താമെന്നും കോടതി വ്യക്തമാക്കി.