

കൊച്ചി: ഇന്ത്യയിലെ മുൻനിര ജനറൽ ഇൻഷുറൻസ് സേവനദാതാക്കളിൽ ഒന്നായ ടാറ്റ എഐജി, രാജ്യവ്യാപകമായി 300 ഓളം കാർഡിയോളജിസ്റ്റുകളിൽ നടത്തിയ സർവേയുടെ കണ്ടെത്തലുകൾ പുറത്തുവിട്ടു. ഇന്ത്യയിലെ യുവാക്കൾ ഗുരുതരമായ ഹൃദയരോഗങ്ങൾ നേരിടേണ്ടി വരുന്നുവെന്ന ആശങ്കാജനകമായ പ്രവണത സർവേ വെളിപ്പെടുത്തുന്നു. അതോടൊപ്പം, രോഗത്തെക്കുറിച്ചുള്ള പ്രാരംഭ മുന്നറിയിപ്പുകൾ അവഗണിക്കുന്നതും ആധുനിക ഹൃദയചികിത്സയ്ക്ക് സാമ്പത്തികമായി തയ്യാറല്ലാത്തതും വ്യാപകമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒരു ദശാബ്‌ദത്തിനിടെ ഹൃദയാരോഗ്യ പരിചരണ രംഗത്ത് വലിയ മാറ്റം സംഭവിച്ചുവെന്ന് സർവേ വ്യക്തമാക്കുന്നു. ഹൃദ്രോഗം ഇപ്പോൾ കൂടുതൽ യുവാക്കളെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 74 ശതമാനം ഡോക്‌ടർമാരും അവരുടെ രോഗികളിൽ ഭൂരിഭാഗവും 50 വയസ്സിന് താഴെ പ്രായമുള്ളവരാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. 36 ശതമാനം ഡോക്‌ടർമാർ 31-40 വയസ്സുകാരാണ് ഹൃദ്രോഗികൾ എന്ന് കാണുന്നു. അതേസമയം 38 ശതമാനം ഡോക്‌ടർമാർ കാണുന്നത് 41-50 വയസ്സുള്ള രോഗികളെയാണ്. എന്നാൽ ഒരു ദശാബ്‌ദം മുമ്പ്, 87 ശതമാനം കേസുകളും 41 വയസ്സിന് മുകളിലുള്ളവരെയാണ് ബാധിച്ചിരുന്നത്.
സർവേയിൽ പങ്കെടുത്ത 78 ശതമാനം ഡോക്‌ടർമാരും റിപ്പോർട്ട് ചെയ്‌തത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുടെ ഏറ്റവും നിർണായകമായ പ്രാരംഭ മുന്നറിയിപ്പായ നെഞ്ചുവേദനയോ അതുപോലുള്ള അസ്വസ്ഥതയോ രോഗികൾ അവഗണിക്കുന്നു എന്നാണ്. ഇത് രോഗനിർണയം വൈകുന്നതിലേക്ക് നയിക്കുന്നു. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ഹൃദ്രോഗങ്ങളുടെ പ്രധാന കാരണം ഉയർന്ന മാനസിക സമ്മർദ്ദവും അനാരോഗ്യകരമായ ഭക്ഷണക്രമവും ആണെന്ന് സർവേ വ്യക്തമാക്കുന്നു. ഹൃജയത്തിന് ഗണ്യമായ കേട് സംഭവിച്ചതിനുശേഷം മാത്രമേ രോഗികൾ വൈദ്യസഹായം തേടുന്നുള്ളൂ എന്നതാണ് സ്ഥിതി കൂടുതൽ വഷളാക്കുന്നത്.
ലിംഗസംബന്ധിയായ പ്രധാനപ്പെട്ട ഉൾക്കാഴ്‌ചകളും സർവേ വെളിപ്പെടുത്തുന്നുണ്ട്. 34 ശതമാനം ഡോക്‌ടർമാർ സ്ത്രീകൾക്കും പുരുഷന്മാരെപ്പോലെ തന്നെ ഹൃദയാഘാത സാധ്യതയുണ്ടെന്ന് സമ്മതിക്കുന്നു, 16 ശതമാനം പേർ സ്ത്രീകളുടെ ഹൃദ്രോഗ ലക്ഷണങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നുവെന്നും ഇത് രോഗനിർണയത്തിലെ അപാകതയിലേക്ക് നയിക്കുന്നുവെന്നും അഭിപ്രായപ്പെടുന്നു.
40 വയസ്സിന് താഴെയുള്ള വ്യക്തികളിലും ഹൃദയാഘാത സാധ്യത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് കാരണം ഉദാസീനമായ ജീവിതശൈലി, മോശം ഭക്ഷണക്രമം, അപര്യാപ്തമായ ഉറക്കം എന്നിവയാണ്. ഹൃദ്രോഗത്തിന്‍റെ ആഘാതം കുറയ്ക്കുന്നതിന് പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തൽ, രോഗത്തിന്‍റെ മാനേജ്മെന്‍റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
ഇന്ത്യയുടെ ഹൃദയാരോഗ്യ പ്രശ്നം വൈദ്യശാസ്ത്രപരവും സാമ്പത്തികപരവുമായ വെല്ലുവിളിയാണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്ന് ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനി സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും കൺസ്യൂമർ ക്ലെയിംസ് ദേശീയ തലവനുമായ രാജഗോപാൽ രുദ്രരാജു പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാർഡിയോളജി ചികിത്സകളുടെ ചെലവ് ഏകദേശം 65 ശതമാനം വർദ്ധിച്ചു. സാമ്പത്തിക സ്രോതസ്സുകളുടെ അഭാവം മൂലം ചികിത്സ വൈകുന്നില്ലെന്ന് ഉറപ്പാക്കുന്ന സമഗ്ര ഇൻഷുറൻസ് പരിരക്ഷയിലൂടെ അപ്രതീക്ഷിത ആരോഗ്യ പ്രതിസന്ധികള്‍ക്കായി ആസൂത്രണം ചെയ്യേണ്ടത് എത്രത്തോളം നിർണായകമാണെന്ന് ഈ വർദ്ധനവ് അടിവരയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.