മലപ്പുറത്ത് വെളിച്ചെണ്ണ ഉൽപ്പാദന കേന്ദ്രത്തിൽ വൻ തീപിടിത്തം: ഒരു കോടി രൂപയുടെ നാശനഷ്ടം; ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തം | Fire

റോഡിലേക്ക് ഒഴുകിപ്പരന്ന വെളിച്ചെണ്ണ വെള്ളം പമ്പ് ചെയ്ത് കഴുകി വൃത്തിയാക്കി
മലപ്പുറത്ത് വെളിച്ചെണ്ണ ഉൽപ്പാദന കേന്ദ്രത്തിൽ വൻ തീപിടിത്തം: ഒരു കോടി രൂപയുടെ നാശനഷ്ടം; ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തം | Fire
Published on

മലപ്പുറം: കാരിപറമ്പിലെ വെളിച്ചെണ്ണ ഉത്പാദന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ വലിയ നാശനഷ്ടം. ഉഗ്രപുരം സ്വദേശി പുത്തൻകുളം വീട്ടിൽ സി. ലിബിൻ്റേതായ യുറാനസ് ഫുഡ് പ്രൊഡക്സ് എന്ന സ്ഥാപനത്തിലാണ് ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെ സംഭവം നടന്നത്.(Major fire breaks out at coconut oil production facility in Malappuram)

മുക്കം, മഞ്ചേരി അഗ്‌നിരക്ഷാ നിലയങ്ങളിൽ നിന്നെത്തിയ മൂന്ന് ഫയർ യൂനിറ്റുകൾ ഒന്നര മണിക്കൂർ പ്രയത്നിച്ചാണ് തീ പൂർണമായും അണച്ചത്. അഗ്‌നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലാണ് തീ സമീപ വീടുകളിലേക്ക് പടരാതെ തടഞ്ഞത്.

വ്യവസായ കേന്ദ്രത്തിലെ മെഷിനറികളും വെളിച്ചെണ്ണയും ഇലക്ട്രിക് വയറിങ്ങും കത്തി നശിച്ചു. സ്ഥാപനത്തിലെ കൊപ്ര, വെളിച്ചെണ്ണ സംഭരണ ശാലയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം ഒരു കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഉടമ അറിയിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങൾ റോഡിലേക്ക് ഒഴുകിപ്പരന്ന വെളിച്ചെണ്ണ വെള്ളം പമ്പ് ചെയ്ത് കഴുകി വൃത്തിയാക്കി ഗതാഗത യോഗ്യമാക്കി.

സമീപത്ത് ഫയർ സ്റ്റേഷനില്ലാത്തതിനാൽ മുക്കത്ത് നിന്നും മഞ്ചേരിയിൽ നിന്നും ഫയർഫോഴ്സ് എത്തുന്നതിന് കാലതാമസം നേരിടുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടി. അരീക്കോട് കേന്ദ്രീകരിച്ച് പുതിയ ഫയർ സ്റ്റേഷൻ വേണമെന്നത് നാട്ടുകാരുടെ ദീർഘനാളായുള്ള ആവശ്യമാണ്. മുക്കം സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂർ, അസി. സ്റ്റേഷൻ ഓഫിസർ പയസ് അഗസ്റ്റിൻ, മഞ്ചേരി സ്റ്റേഷൻ ഇൻ ചാർജ് വി. പിൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com