തൃശൂർ: ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, ഈ കേസിൽ രാഷ്ട്രീയ നേതാക്കൾക്ക് പങ്കുണ്ടെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. കേസിൽ സത്യം പുറത്തുവരാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Major conspiracy behind Sabarimala gold theft, says Rajeev Chandrasekhar)
സ്വർണക്കൊള്ള മറച്ചുവെക്കാൻ പിണറായി സർക്കാർ എന്തു ചെയ്യാനും മടിക്കില്ല. സ്വർണം മോഷ്ടിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയോ വാസുവോ മാത്രമാണെന്ന് ആരും വിശ്വസിക്കുന്നില്ല. ശബരിമല സ്വർണക്കൊള്ളക്ക് പിന്നിൽ രാഷ്ട്രീയ നേതാക്കളുണ്ട്. കേന്ദ്ര ഏജൻസി തന്നെ അന്വേഷിച്ചാലേ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താനാകൂ എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ് സംസ്ഥാനത്തെ വികസന കാര്യങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്റെ തന്ത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. മൂന്നുമാസം മുമ്പ് തന്നെ രാഹുലിനെതിരെ കേസെടുക്കേണ്ടതായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.
കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളുണ്ടെന്നും എന്നാൽ സർക്കാർ ഒരു മറുപടിയും നൽകിയില്ലെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. ലണ്ടനിൽ പോയി പണം എന്തിന് സമാഹരിച്ചു, എന്തുകൊണ്ട് ഇന്ത്യൻ ബാങ്ക് വഴി കടമെടുത്തു കൂടായിരുന്നു തുടങ്ങിയ ചോദ്യങ്ങൾക്കു മറുപടിയില്ല. ആർ.ബി.ഐയുടെ അനുമതി കിഫ്ബിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇ.ഡി. നോട്ടീസ് തിരഞ്ഞെടുപ്പ് തന്ത്രമാണെന്ന് പറയുന്ന വാദം ശ്രദ്ധ തിരിക്കാൻ മാത്രമുള്ളതാണ്. അന്വേഷണ ഏജൻസികളുടെ നടപടിയെ വേഗത്തിലാക്കാനോ സാവധാനത്തിലാക്കാനോ കേന്ദ്രസർക്കാരിന് ആവില്ല. സാമ്പത്തിക തട്ടിപ്പ് പിടിച്ചാൽ അത് രാഷ്ട്രീയമാണെന്ന് പറയുന്നത് രാഷ്ട്രീയ തന്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.