
ഉന്നത വിദ്യാഭ്യാസ മേഖലയിലും പൊതു വിദ്യാഭ്യാസ മേഖലയിലും വലിയ മാറ്റങ്ങൾക്ക് ഇടം കൊടുത്ത സംസ്ഥാനമായി കേരളം മാറിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മൂലമറ്റം ഗവൺമെൻ്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ലാബ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ സർവകലാശാലകൾ മികവിൻ്റെ കേന്ദ്രങ്ങളായി ഉയർന്നു. രാജ്യത്തെ മികച്ച കോളേജുകളിൽ സംസ്ഥാനത്തെ 16 കോളേജുകൾ ഉൾപ്പെടുന്നു. രാജ്യത്ത് ആദ്യമായി ഡിജിറ്റൽ സർവകലാശാല സ്ഥാപിതമായത് കേരളത്തിലാണ്. സമൂഹത്തിൻ്റെ വളർച്ചയിലുണ്ടാകുന്ന ശ്രദ്ധേയമായ മാറ്റം പൊതു വിദ്യാഭ്യാസത്തിൻ്റെ ഉയർച്ചയാണ്. അതിൽ വിജയിച്ച സംസ്ഥാനമാണ് കേരളം. ഇടുക്കി ജില്ലയിലും വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടങ്ങളാണ്. സംസ്ഥാനത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ കോഴ്സ് ആരംഭിക്കുന്നത് ഇടുക്കി ഗവൺമെൻ്റ് എഞ്ചിനീയറിങ് കോളേജിലാണ്. മെഡിക്കൽ വിദ്യാഭ്യാസം സാധ്യമാക്കാൻ ഇടുക്കിയിൽ മെഡിക്കൽ കോളേജുണ്ട്. നാടുകാണിയിൽ ട്രൈബൽ ആർട്സ് ആൻ്റ് സയൻസ് കോളേജ് യാഥാർഥ്യമായി. ശാന്തമ്പാറയിൽ സർക്കാർ ആർട്സ് കോളേജ് സ്ഥാപിച്ചു. കട്ടപ്പന ഗവ. കോളേജ് മികച്ച ഗവേഷണ കേന്ദ്രമായി മാറിക്കഴിഞ്ഞു. ടൂറിസം, റോഡ് അങ്ങനെ എല്ലാ മേഖലകളിലും ഇടുക്കി വികസനത്തിൻ്റെ പാതയിലാണ്. മൂലമറ്റം പവർഹൗസ് കേന്ദ്രീകരിച്ചുള്ള ബൃഹത്തായ ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. മൂലമറ്റം ഗവ. ഹൈസ്ക്കൂൾ കെട്ടിടം നിർമ്മാണത്തിനായി രണ്ട് കോടി രൂപ അടുത്ത ബഡ്ജറ്റിൽ ഉൾക്കുള്ളിക്കുമെന്ന് മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറനാംകുന്നേൽ അധ്യക്ഷത വഹിച്ചു.അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് വിനോദ്, ജില്ലാ പഞ്ചായത്ത് അംഗം എം.ജെ ജേക്കബ്, അറക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുബി ജോമോൻ, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എൽ ജോസഫ്, വാർഡ് മെമ്പർ സിനി തോമസ്, മൂലമറ്റം ജിവിഎച്ച് എസ് എസ് പ്രിൻസിപ്പാൾ നിസ.കെ, ഹെഡ്മിസ്ട്രസ് ശ്രീകല പി എന്നിവർ സംസാരിച്ചു. പി ഡബ്ലിയു ഡി അസി എക്സിക്യൂട്ടീവ് എൻജിനിയർ രമ്യ പി.എസ് റിപ്പോർട്ട് അവതരിപ്പിച്ചു.
മൂലമറ്റം ഗവ. വി എച്ച് എസ് ഇ ലാബ് സമുച്ചയം
ശാസ്ത്രാന്വേഷണത്തിൻ്റെയും ഗവേഷണത്തിന്റെയും ഭാവിയിലേക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് പ്ലാൻഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് സ്കൂളിൻ്റെ പുതിയ ലാബ് സമുച്ചയം. കെട്ടിടം 320.71 ചതുരശ്ര മീറ്ററിൽ രണ്ടു നിലകളിലായാണ് നിർമ്മിച്ചിരിക്കുന്നത്. കെട്ടിടത്തിൽ മൂന്ന് ക്ലാസ് റൂം, ഒരു ഭിന്നശേഷി ടോയ്‌ലെറ്റ്, പൊതുവായ രണ്ട് ടോയ്‌ലെറ്റ്, ഒരു വാഷ് ഏരിയ, റാംപ്, സ്റ്റോർ റൂം എന്നീ സൗകര്യങ്ങളുണ്ട്. കൂടാതെ ഹെഡ് റൂമിനോടു കൂടിയ സ്റ്റെയർകേസ് സൗകര്യവും നൽകിയിട്ടുണ്ട്.