

തിരുവനന്തപുരം: മാവേലിക്കര – ചെങ്ങന്നൂർ സെക്‌ഷനിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും (ശനിയാഴ്ച) നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. നിരവധി ട്രെയിനുകൾ റദ്ദാക്കുകയും യാത്ര ചുരുക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.(Maintenance on Mavelikkara – Chengannur section, Train traffic restrictions)
ഇന്ന് രാത്രി പുറപ്പെടേണ്ട കൊല്ലം ജങ്‌ഷൻ – എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ് (കൊല്ലം-എറണാകുളം) റദ്ദാക്കി. ഇന്ന് രാത്രി യാത്ര പുറപ്പെടേണ്ട ചില ട്രെയിനുകൾ നിശ്ചിത ലക്ഷ്യസ്ഥാനത്തിന് മുൻപ് യാത്ര അവസാനിപ്പിക്കും. മധുര – ഗുരുവായൂർ എക്‌സ്‌പ്രസ്, കൊല്ലം ജങ്‌ഷനിൽ യാത്ര അവസാനിപ്പിക്കും. നാഗർകോവിൽ – കോട്ടയം എക്‌സ്‌പ്രസ്, കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ്, കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
ഗുരുവായൂർ – മധുര എക്‌സ്‌പ്രസ്, നാളത്തെ സർവീസ് കൊല്ലത്തുനിന്നായിരിക്കും പുറപ്പെടുക. വഞ്ചിനാട്, മെമു: തിരുവനന്തപുരം സെൻട്രൽ – എറണാകുളം വഞ്ചിനാട് എക്‌സ്‌പ്രസ്, കൊല്ലം ജങ്‌ഷൻ – എറണാകുളം ജങ്‌ഷൻ മെമു എന്നിവ ഞായറാഴ്‌ച അര മണിക്കൂർ വൈകിയോടും. പല പ്രധാന ട്രെയിനുകളും ആലപ്പുഴ വഴി തിരിച്ചുവിടും. ഇതിൽ ചില ട്രെയിനുകൾക്ക് ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
മറ്റ് നിരവധി ട്രെയിനുകളെയും ഗതാഗത നിയന്ത്രണം ബാധിക്കും എന്നതിനാൽ യാത്രക്കാർ റെയിൽ വൺ ആപ്പിൽ ട്രെയിൻ സമയം ഉറപ്പാക്കി മാത്രം യാത്ര പുറപ്പെടണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.