തിരുവനന്തപുരം : വീടിന് മുന്നിൽ പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മംഗലപുരം സ്വദേശിയും നിരവധി കേസുകളിൽ പ്രതിയുമായ അൻസറിനെ (26) ആണ് മംഗലപുരം പോലീസ് പിടികൂടിയത്.(Main accused arrested in case of hacking man )
ദീപാവലി ദിനത്തിൽ മംഗലപുരം സ്വദേശിയായ ബിജുവിനെയാണ് അൻസർ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം വീട്ടിൽ അതിക്രമിച്ചു കയറി വെട്ടിയത്. തലയിൽ ഗുരുതരമായി പരിക്കേറ്റ ബിജു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ദീപാവലി ദിവസം ബിജു വീടിന്റെ മുന്നിൽ പടക്കം പൊട്ടിച്ചതിനെ ചൊല്ലി അയൽവാസിയായ അൻസറും സംഘവുമായി വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെയാണ് സംഘം വെട്ടുകത്തിയുമായി ബിജുവിൻ്റെ വീട്ടിൽ അതിക്രമിച്ച് കയറി തലയ്ക്ക് വെട്ടിയത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ അൻസറിനെ കൊല്ലം കൊട്ടിയത്ത് നിന്നാണ് പോലീസ് പിടികൂടിയത്. അൻസറിനൊപ്പം അക്രമത്തിൽ പങ്കെടുത്ത കംറാൻ, സമീർ, ജിഷ്ണു എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ എല്ലാവരും നിരവധി കേസുകളിൽ പ്രതികളാണ്.
അറസ്റ്റിലായ അൻസറിനെതിരെ കഴക്കൂട്ടം, കഠിനംകുളം, മംഗലാപുരം, പോത്തൻകോട്, നെടുമങ്ങാട്, വെഞ്ഞാറമൂട് തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി 22 കേസുകൾ നിലവിലുണ്ട്. അക്രമത്തിന് ഉപയോഗിച്ച വെട്ടുകത്തി പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.