

മാഹി: ന്യൂമാഹി പോലീസ് സ്റ്റേഷൻ പരിധിയിലെ മാഹിപ്പാലം എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം നടന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. തിരുവനന്തപുരം മുനമ്പം സ്വദേശി എൻ. പ്രകാശനെ (60) തമിഴ്‌നാട് കള്ളക്കുറിച്ചി സ്വദേശി ലക്ഷ്മണൻ കൊലപ്പെടുത്തിയത് താൻ സ്ഥിരമായി കിടന്നുറങ്ങാറുള്ള കടത്തിണ്ണയിൽ പ്രകാശൻ കിടന്നതിലെ വൈരാഗ്യം മൂലമാണെന്ന് പോലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി മദ്യലഹരിയിലായിരുന്ന ലക്ഷ്മണൻ താൻ ഉറങ്ങാറുള്ള കടവരാന്തയിൽ പ്രകാശൻ കിടക്കുന്നത് കണ്ടു. അവിടെനിന്ന് എഴുന്നേറ്റ് പോകാൻ ആവശ്യപ്പെട്ടെങ്കിലും പ്രകാശൻ തയ്യാറായില്ല.പ്രകാശൻ മാറാൻ കൂട്ടാക്കാത്തതിൽ പ്രകോപിതനായ ലക്ഷ്മണൻ സമീപത്തുണ്ടായിരുന്ന കരിങ്കൽ കഷണങ്ങൾ എടുത്ത് പ്രകാശന്റെ തലയ്ക്കടിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം ലക്ഷ്മണൻ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ പരിസരവാസികളാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടത്. തുടർന്ന് ന്യൂമാഹി ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
അഴിയൂർ, മാഹി മേഖലകളിലെ മത്സ്യബന്ധന മേഖലയിൽ ജോലി ചെയ്തിരുന്ന പ്രകാശൻ കുറച്ചുനാളുകളായി മാഹിപ്പാലത്തെ കടത്തിണ്ണകളിലാണ് അന്തിയുറങ്ങിയിരുന്നത്. പ്രതിയായ ലക്ഷ്മണനും സമാനമായ രീതിയിൽ ഇവിടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു.