ജാതിവിരുദ്ധ സമരങ്ങളുടെ ചരിത്രമുഖം: വില്ലുവണ്ടി സമരം മുതൽ കല്ലുമാല സമരം വരെ, ജാതിവെറിയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ; ഇന്ന് മഹാത്മ അയ്യങ്കാളിയുടെ ജയന്തി ദിനം|Mahatma Ayyankali

Mahatma Ayyankali
Published on

132 വർഷങ്ങ്ൾക്ക് മുൻപ്, കൃത്യം പറഞ്ഞാൽ വർഷം 1893. ജാതിവെറി കൊടുമ്പിരി കൊണ്ടിരുന്ന കാലമായിരുന്നു അത്. ജാതിയുടെ പേരിൽ മനുഷ്യനെ പല ചേരികളായി വെട്ടിപിളർത്തിയ വല്ലാത്തൊരു കാലം. അന്നത്തെ കേരളത്തിലെ ഭൂരിഭാഗം ഇടങ്ങളിലും ഉന്നതകുലജാതർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ സ്വയം നീതിയും ന്യായവും നടപ്പിലാക്കിയിരുന്നു. ജാതിനിയമങ്ങൾ തങ്ങളുടെ സമൂഹത്തിൽ നിർബന്ധമായും പാലിക്കുന്നുണ്ടെന്ന് തിരുവിതാംകൂർ രാജാക്കൻമാരും കർശനമായി ഉറപ്പുവരുത്തിയിരുന്നു. തൽഫലമായി തിരുവിതാംകൂറിലെ പൊതുവഴികളിലൂടെ താഴ്ന്ന ജാതിക്കാർക്ക് അയിത്തം കൽപ്പിച്ചിരുന്നു. വിശേഷ വസ്ത്രങ്ങളണിഞ്ഞ് വില്ലുവണ്ടിയിലായിരുന്നു പ്രമാണിമാരുടെ സഞ്ചാരം. ഇവരുടെ യാത്രക്കിടയിൽ ചെന്നുപെടുന്ന കീഴാളർ വഴിമാറി നടക്കേണ്ടിയിരുന്നു. (Mahatma Ayyankali)

ഒരു സാമൂഹിക വ്യവസ്ഥയെ തന്നെ വെല്ലുവിളിച്ചു കൊണ്ട് മുപ്പതു വയസ്സുള്ള ഒരു ചെറുപ്പക്കാരൻ അന്ന് അതുവരെ പ്രമാണിമാർക്ക് മാത്രം സഞ്ചരിക്കാവുന്ന വില്ലുവണ്ടിയിൽ യാത്ര തുടങ്ങി. മുണ്ടും മേൽമുണ്ടും തലപ്പാവും ധരിച്ച് രാജാവിധികളിലൂടെ പുലയ സമുദായത്തിൽപ്പെട്ട അയ്യങ്കാളി എന്ന യുവാവ് നടത്തിയ ആ ധീര യാത്ര കേരള നവോദ്ധാനത്തിന്റെ ചരിത്രമായി മാറി. അയിത്ത ജാതിക്കാർക്ക് പൊതുവഴികളിലൂടെ സഞ്ചരിക്കാനുള്ള അവകാശം നേടിയെടുക്കുക എന്നതായിരുന്നു അയ്യങ്കാളിയുടെ പ്രധാന ലക്ഷ്യം. കാളകളുടെ കുളമ്പടിക്കും പ്രതിഷേധത്തിന്റെ മുഴക്കമുണ്ടായിരുന്നു. അന്ന് ആ ചെറുപ്പക്കാരൻ കാളകളെ തെളിച്ചത് ചരിത്രത്തിലേക്കായിരുന്നു. തിരുവിതാംകൂറിൽ നിന്നും കേരളത്തിന്റെ നവോഥാന നായകൻ എന്ന് നിലയിലേക്ക് ആ മഹാ മനുഷ്യൻ ഉയർന്നിരുന്നു.

ആധുനിക കേരളത്തെ പണിതുയർത്തിയ നവോഥാന ശിൽപി. ഒരു കാലം വരെ ജാതിയുടെ പേരിൽ മനുഷ്യരെ പല ചേരികളിലായി വെട്ടിപിളർത്തിയ ജാതിവെറി നിലന്നിരുന്ന കാലം. അന്ന് ഉന്നതകുലജാതർ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന മനുഷ്യ വർഗ്ഗത്തിന് നേരെ സധൈര്യം പടപൊരുതിയ നായകനായിരുന്നു അയ്യങ്കാളി.

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ എന്ന ഉൾനാടൻ ഗ്രാമത്തിൽ പെരുങ്കാറ്റു വിളയിലെ പ്ലാവറ കുടിയിൽ 1863 ഓഗസ്റ്റ് 28നാണ്  അയ്യൻകാളിയുടെ ജനനം. അയ്യന്റെയും മാലയുടെയും മകൻ കാളി എന്ന പേരിലാണ് വിളിക്കപ്പെട്ടിരുന്നത്. ചുറ്റുംനടമാടിയ നീചത്വങ്ങൾക്കെതിരെ ആദ്യമുയർന്ന ശക്തമായ സ്വരമായിരുന്നു അയ്യങ്കാളിയുടേത്. പരിഹാസത്തിനും മാറ്റിനിർത്താലിനും എതിരെ ശക്തമായി അദ്ദേഹം പ്രതിരോധം തീർത്തിരുന്നു. ജാതിയുടെ പേരിൽ അവഹേളിച്ചർക്ക് മുന്നിൽ തലതാഴ്ന്നു നിൽക്കാൻ ആ മനുഷ്യൻ തയ്യാറായിരുന്നില്ല. കണ്ടതും കേട്ടതുമായ നീചകൃത്യങ്ങൾക്ക് എതിരെ ആ യുവാവ് പൊരുതി. ആദ്യമൊക്കെ അയ്യങ്കാളി ഒറ്റയ്ക്കായിരുന്നു. എന്നാൽ അധികം വൈകാതെ പലരും കൂടെനിന്നു. ജന്മികളുടെ തടിമിടുക്കിനോട് മല്ലിടാൻ കായികാഭ്യാസിയെ കൊണ്ടുവന്ന് അടിതടകൾ പരിശീലിപ്പിച്ചു. ഒപ്പം നിന്നവരെ ഏതൊരു ഏറ്റുമുട്ടലികൾക്കും സജ്ജമാക്കുകയായിരുന്നു അയ്യൻകാളിയുടെ ലക്ഷ്യം. വാക്കുകൾ കൊണ്ട് മാത്രം സമൂഹത്തിലെ ജാതിയവ്യവസ്ഥ മാറ്റുവാൻ സാധിക്കില്ല എന്ന് അദ്ദേഹത്തിന് വ്യക്തമായിരുന്നു. അടിക്ക് തിരിച്ചടി എന്ന പോലെ, ഉന്നതകുലജാതർക്ക് അതെ നാണയത്തിൽ തന്നെ മറുപടി നൽകി.

 ബാലരാമപുരം, കഴക്കൂട്ടം, കണിയാപുരം തുടങ്ങിയ പല മേഖലകളിൽ മാടമ്പികളുമായി അദ്ദേഹത്തിന് ശക്തമായി ഏറ്റുമുട്ടേണ്ടി വന്നു. ഇത്തരം ഏറ്റുമുട്ടലുകളിലൂടെ കാളി ഒട്ടനവധി ജീവനുകളുടെ അയ്യൻ ആയി മാറി. സഞ്ചാര സ്വാതന്ത്ര്യത്തിന്റെ നിഷേധം മാത്രമായിരുന്നില്ല ഒരു പറ്റം മനുഷ്യർക്ക് നേരിടേണ്ടി വന്നത്, സ്ത്രീകൾക്ക് മാറുമറയ്ക്കാൻ കഴിയാതെ, അടിമകളുടെ ചിഹ്നം എന്ന പോലെ മാറോട് ചേർന്ന് കിടന്ന കല്ലുമാലകൾ. ഇതിനെല്ലാം എതിരെ അയ്യങ്കാളി നടത്തിയ വില്ലുവണ്ടി സമരവും കല്ലുമാല സമരവും പെരിനാട് സമരവുമെല്ലാം ചരിത്ര സമരങ്ങളായിരുന്നു. അയ്യങ്കാളിയുടെ നേതൃത്വത്തിൽ സ്ത്രീകൾ കല്ലുമാലകൾ പൊട്ടിച്ചെറിഞ്ഞു. അയ്യങ്കാളിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളുടെ ഭൂരിഭാഗവും വിദ്യാലയ പ്രവേശന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. 1904ലാണ് അയ്യങ്കാളി തന്റെ ആദ്യ കുടിപ്പള്ളിക്കൂടം വെങ്ങാനൂരില്‍ സ്ഥാപിക്കുന്നത്.  തിരുവിതാംകൂറില്‍ കര്‍ഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചതും അയ്യങ്കാളിയായിരുന്നു.

ഇന്ന് ഓഗസ്റ്റ് 28, മഹാത്മാ അയ്യങ്കളിയുടെ 162-ാമത് ജന്മവാർഷികം. ഇന്നും ജാതിവെറി നിലനിൽക്കുന്ന നമ്മുടെ കേരളത്തിൽ അയ്യങ്കളിയുടെ ജീവിതത്തിനും അദ്ദേഹം പകർന്നു നൽകിയ നവോഥാന പാഠങ്ങൾക്കും പ്രസക്തി ഏറെയാണ്. മനുഷ്യാവകാശത്തിനു വേണ്ടി ഐതിഹാസികമായ പോരാട്ടങ്ങൾ നയിച്ച വിപ്ലവകാരി, അതായിരുന്നു മഹാത്മാ അയ്യങ്കളി. വെറും വാക്കുകൾ കൊണ്ടാവരുത് നാം ഈ മഹാനെ ഓർക്കേണ്ടത്. നമ്മുടെ പ്രവർത്തികളിലും അദ്ദേഹത്തിനോടുള്ള സ്നേഹവും ആദരവും പ്രകടമാക്കട്ടെ.

Summary:Ayyankali (1863–1941) was a pioneering social reformer from Kerala who fought against caste oppression and untouchability. Through movements like the Villuvandi Samaram, Kallumala Agitation, and struggles for education and labor rights, he challenged the dominance of upper castes and empowered the marginalized Pulaya community. Remembered as a visionary of Kerala’s renaissance, he is honored today as Mahatma Ayyankali.

Related Stories

No stories found.
Times Kerala
timeskerala.com