
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ മുൻ ബാങ്ക് മാനേജർ 17.20 കോടി രൂപയുടെ സ്വർണവുമായി മുങ്ങിയ കേസ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും. വടകര ഡിവൈ.എസ്.പി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കേസിലെ പ്രതി ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ മുൻ മാനേജർ തമിഴ്നാട് മേട്ടുപ്പാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധ ജയകുമാറിനെ (34) കണ്ടെത്താൻ ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വടകര സി.ഐ എൻ. സുനിൽ കുമാർ, മൂന്ന് സബ് ഇൻസ്പെക്ടർമാർ, എ.എസ്.ഐമാർ എന്നിവരുൾപ്പെടെ 10 അംഗങ്ങളാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.