തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള എ.ഐ.സി.സി സ്ക്രീനിംഗ് കമ്മിറ്റി ചർച്ചകൾക്ക് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയുടെ നേതൃത്വത്തിൽ രണ്ട് ദിവസം നീളുന്ന സിറ്റിംഗാണ് നടക്കുക. വയനാട്ടിലെ 'ലക്ഷ്യ 2026' ലീഡേഴ്സ് ക്യാമ്പ് നൽകിയ ആവേശത്തിന് പിന്നാലെ, ഗ്രൂപ്പ് സമവാക്യങ്ങൾക്കും വ്യക്തിപരമായ പിടിവാശികൾക്കും അപ്പുറം 'വിജയസാധ്യത' മാത്രം മുൻനിർത്തിയാകും സ്ഥാനാർത്ഥി നിർണ്ണയമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.(Madhusudan Mistry to be arrived in Kerala, Discussions heat up in Congress)
ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പ്പ് ഇക്കുറി അനുവദിക്കില്ല. ഓരോ മണ്ഡലത്തിലും വിജയസാധ്യതയുള്ള മൂന്ന് പേരുടെ പട്ടികയാകും പ്രാഥമികമായി പരിഗണിക്കുക.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ നേതൃത്വത്തിലുള്ള സംഘം നൽകിയ രഹസ്യ സർവ്വേ റിപ്പോർട്ടുകൾ ഹൈക്കമാൻഡിന് മുന്നിലുണ്ട്. ഈ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ മറികടന്നുള്ള സ്ഥാനാർത്ഥിത്വത്തിന് സാധ്യത കുറവാണ്. സിറ്റിംഗ് എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന പ്രാഥമിക നിലപാടിൽ മാറ്റമുണ്ടാകില്ലെന്നാണ് സൂചന.