

തവാങ്: അരുണാചൽ പ്രദേശിലെ സേല ഹിമതടാകത്തിൽ (Sela Lake) വീണ് കാണാതായ മലപ്പുറം സ്വദേശി മാധവന്റെ മൃതദേഹം ശനിയാഴ്ച രാവിലെ കണ്ടെടുത്തു. അപകടത്തിൽപ്പെട്ട കൊല്ലം സ്വദേശി ദിനുവിന്റെ മൃതദേഹം വെള്ളിയാഴ്ച തന്നെ തിരച്ചിൽ സംഘം കണ്ടെടുത്തിരുന്നു. കേരളത്തിൽ നിന്നുള്ള ഏഴംഗ വിനോദയാത്ര സംഘമാണ് അപകടത്തിൽപ്പെട്ടത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. തടാകത്തിന് മുകളിൽ രൂപപ്പെട്ട ഐസ് പാളിയിലൂടെ നടക്കുന്നതിനിടെ പാളി പൊട്ടി യുവാക്കൾ അതിശൈത്യമുള്ള വെള്ളത്തിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവർ രക്ഷപ്പെട്ടെങ്കിലും മാധവനും ദിനുവും തടാകത്തിനുള്ളിൽ കുടുങ്ങിപ്പോയി.
ഐ.ടി.ബി.പി (ITBP), സശസ്ത്ര സീമാബൽ (SSB), എസ്.ഡി.ആർ.എഫ് (SDRF), പ്രാദേശിക പോലീസ് എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.കൊടും തണുപ്പും മഞ്ഞുവീഴ്ചയും കാരണം വെള്ളിയാഴ്ച രാത്രി തിരച്ചിൽ നിർത്തിവെച്ചിരുന്നു. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ പുനരാരംഭിച്ച തിരച്ചിലിലാണ് 11 മണിയോടെ മാധവന്റെ മൃതദേഹം കണ്ടെത്തിയത്. മോശം ദൃശ്യപരിധിയും കടുത്ത തണുപ്പും രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളിയായിരുന്നു.
നിലവിൽ രണ്ട് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അരുണാചൽ പ്രദേശ് സർക്കാർ അറിയിച്ചു. കേരള സർക്കാരും നോർക്കയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.