
തിരുവനന്തപുരം: ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു നിയമവുംഞങ്ങളെ ബാധിക്കില്ലെന്ന രീതിയിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സംഘപരിവാര്‍ താല്‍പര്യം മാത്രം സംരക്ഷിക്കുന്നവരായാണ് സംസ്ഥാനത്തിന്റെ ഗവര്‍ണര്‍മാര്‍ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
ഇന്ത്യയുടെ കോശങ്ങളില്‍ വര്‍ഗ്ഗീയതയുടെ വിഷം ബിജെപി നിറച്ചിട്ടുണ്ട്. ഇത് തുടച്ച് മാറ്റണം. ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രായോഗികമായ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസുമായി പാര്‍ട്ടി സഹകരിക്കും. കോണ്‍ഗ്രസ് കൂടി പങ്കെടുക്കുന്ന സമരങ്ങളിലൂടെ മാത്രമേ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കൂ. ആ യാഥാര്‍ത്ഥ്യ ബോധ്യം ഞങ്ങള്‍ക്കുണ്ട്. സിപിഎം ഒറ്റയ്ക്ക് ബിജെപിയെ തോല്‍പ്പിക്കാമെന്ന് പ്രമേയം പാസാക്കിയിട്ട് കാര്യം ഇല്ല.
ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് നിര്‍ണായകമായ പങ്കുവഹിക്കാനുണ്ട്. കോണ്‍ഗ്രസുമായി എവിടെയെല്ലാം സഹകരിക്കാന്‍ കഴിയുമോ അവിടെയെല്ലാം ഞങ്ങൾ സഹകരിക്കും. എസ്എന്‍ഡിപിക്കോ എന്‍എസ്എസ്സിനോ ബിജെപിയുമായി സഹകരിക്കുന്ന പാരമ്പര്യമല്ല ഉള്ളത്. കേരളത്തിന് മാത്രമായി ഒരു നയം രൂപീകരിക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാര്‍ സംവിധാനങ്ങള്‍ക്ക് രാജ്യത്ത് 30 ശതമാനത്തില്‍ അധികം ആളുകളുടെ പിന്തുണയുണ്ട്. ബിജെപിക്ക് പിന്നില്‍ ആണിനിരക്കുന്നത് മോശമാണെന്ന പൊതുബോധം കേരളത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ കൂടെയാണ് നില്‍ക്കുന്നതെന്ന പൊതുബോധമാണ് നിലവിലുള്ളത്.
പാത്തും പതുങ്ങിയും ബിജെപിയുമായി സഹകരിച്ചിരുന്നവര്‍ ഇപ്പോള്‍ പരസ്യമായി സഹകരിക്കുന്നു. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി പല പ്രാഞ്ചിയേട്ടന്മാരും ബിജെപിയിലേക്ക് പോകുന്നത്.
കോവിഡ്, പ്രളയ കാലം കഴിഞ്ഞപ്പോള്‍ കേരളത്തിന്റെ കാരണവരായി പിണറായി മാറി. ആരും ആരുടേയും മുകളിലുള്ള നേതാവല്ല. പ്രവര്‍ത്തനത്തിലൂടെ ആളുകള്‍ ജനഹൃദയത്തില്‍ ഇടംനേടും. അത് പാര്‍ട്ടിയിലെ സ്ഥാനം നോക്കിയല്ലെന്നും എം.എ. ബേബി പ്രതികരിച്ചു.