തിരുവനന്തപുരം: കേരളത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തന്നെ എൽ.ഡി.എഫ് ജനവിധിയെ തേടുമെന്ന് എം.എ. ബേബി അറിയിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന മൃദുഹിന്ദുത്വ ആരോപണങ്ങൾ ആസൂത്രിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിണറായി വിജയന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. ടേം ഇളവ് നൽകുന്നത് സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ പ്രസക്തമല്ല. ഇടതുപക്ഷത്തിന് മൃദുഹിന്ദുത്വമാണെന്ന് ആരോപിക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് ദൃഢഹിന്ദുത്വമാണെന്ന് ബേബി പരിഹസിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ബി.ജെ.പി സർക്കാരുകൾ നിശബ്ദത പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി കേരളത്തിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടായിട്ടില്ലെന്നത് ഇടതുപക്ഷ ഭരണത്തിന്റെ നേട്ടമാണ്. ഇത് നവോത്ഥാന പാരമ്പര്യത്തിന്റെയും സർക്കാരിന്റെ ജാഗ്രതയുടെയും ഫലമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ കോൺഗ്രസ്-ലീഗ്-ബി.ജെ.പി സഖ്യം ഒളിഞ്ഞും തെളിഞ്ഞും ഒന്നിച്ചുവെന്നും എം.എ. ബേബി ആരോപിച്ചു.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണെന്നും വികസന ഭരണത്തുടർച്ചയ്ക്കായി ജനങ്ങൾ വീണ്ടും എൽ.ഡി.എഫിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.