

രൂപസാദൃശ്യമില്ലെന്ന വിമർശനം ശക്തമായതിനെ തുടർന്ന് സി.പി.ഐ ആസ്ഥാനത്തെ എം.എൻ.ഗോവിന്ദൻ നായരുടെ പ്രതിമ മാറ്റി സ്ഥാപിച്ചു(M N Govindan Nair Statue). പകരം പുതിയ പ്രതിമയിൽ പരിഷ്കാരം വരുത്താൻ നിൽക്കാതെ പാർട്ടി ആസ്ഥാനത്തുണ്ടായിരുന്ന പഴയ പ്രതിമ തന്നെ സ്ഥാപിക്കുകയാണ് ചെയ്തത്.
എം.എൻെറ നാമധേയത്തിലുളള ആസ്ഥാന മന്ദിരത്തിനകത്ത് ഉണ്ടായിരുന്ന പ്രതിമ മാറ്റിയാണ്, ഡിസംബർ 27 ന് സി.പി.ഐ ആസ്ഥാന മന്ദിരത്തിൻെറ വലത് ഭാഗത്തായി എം.എൻ.ഗോവിന്ദൻ നായരുടെ പുതിയ പ്രതിമ അനാച്ഛാദനം ചെയ്തത്. ആധുനികവൽക്കരിച്ച കെട്ടിടത്തിൻെറ പ്രൗഢിക്കൊത്ത രീതിയിൽ
പുതിയ പ്രതിമയാണ് മാറ്റി സ്ഥാപിച്ചത്. എന്നാൽ പുതിയ പ്രതിമയ്ക്ക് എം.എൻ ഗോവിന്ദൻ നായരോട് ഒരു തരത്തിലുമുള്ള രൂപസാദൃശ്യവും ഉണ്ടായിരുന്നില്ല. ഇത് തിരിച്ചറിഞ്ഞവർ വിമർശനങ്ങളുമായി നേതൃത്വത്തെ സമീപിച്ചു.
ആദ്യമൊക്കെ തോന്നലാണെന്ന് പറഞ്ഞ് വിമർശനങ്ങളെ പ്രതിരോധിച്ചെങ്കിലും പിന്നീട് നേതൃത്വത്തിനും ഇതിൽ കഴമ്പുണ്ടെന്ന് ബോധ്യമായി.അതോടെ പുതിയ പ്രതിമ മാറ്റി പഴയ പ്രതിമ സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.ഇന്നലെ തീരുമാനം നടപ്പിലാക്കി.ഇതോടെ എം.എൻെറ ചിരിക്കുന്ന മുഖത്തോടെ ഉളള ആ പഴയ പ്രതിമ വീണ്ടും സി.പി.ഐ ആസ്ഥാനത്ത് സ്ഥാനം പിടിച്ചു.