

കോട്ടയം: തലയോലപ്പറമ്പിൽ പാർക്ക് ചെയ്തിരുന്ന എൽ.പി.ജി. സിലിണ്ടറുകൾ കയറ്റിയ ലോറിയിലെ ഒരു സിലിണ്ടറിന് തീയിട്ട സംഭവത്തിൽ യുവാവിനെ പോലീസ് പിടികൂടി. ജീവനൊടുക്കാനായിരുന്നു യുവാവിൻ്റെ ശ്രമമെന്നാണ് പോലീസ് കരുതുന്നത്. വെള്ളിയാഴ്ച രാത്രി 12.30 ഓടെ തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്ക് ജംഗ്ഷന് സമീപമായിരുന്നു സംഭവം.
എറണാകുളത്തുനിന്ന് ഗ്യാസ് സിലിണ്ടറുമായി എത്തിയ ലോറി സ്ഥിരമായി ഈ ജംഗ്ഷനിലാണ് പാർക്ക് ചെയ്യാറുണ്ടായിരുന്നത്. ലോറിയുടെ മുകളിൽ കയറിയ യുവാവ്, ഇന്ധനം നിറച്ചിരുന്ന ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിച്ച ശേഷം തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമം നടത്തുകയായിരുന്നു.
ആ സമയം അതുവഴി കാറിലെത്തിയ ഒരാളാണ് ലോറിയിൽ തീ പടരുന്നത് കണ്ട് സമീപത്തെ വീട്ടുകാരെ അറിയിച്ചത്. വീട്ടുകാർ ഉടൻ പോലീസിലും വൈക്കം ഫയർഫോഴ്സിലും വിവരം അറിയിച്ചു. ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തി തീ അണച്ചതിനാൽ മറ്റ് സിലിണ്ടറുകൾക്ക് തീപിടിക്കാതിരുന്നത് വൻ ദുരന്തം ഒഴിയാൻ കാരണമായി.
സംഭവത്തിൽ കടപ്ലാമറ്റം സ്വദേശിയായ യുവാവിനെ തലയോലപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മാനസിക ദൗർബല്യമുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്.