
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കും ബുധനാഴ്ച വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്നും ഞായറാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുലതയും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കൻ ഛത്തീസ്ഗഡിനും ജാർഖണ്ഡിനും മുകളിലായി സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദം ഞായറാഴ്ചയോടെ ശക്തി കൂടിയ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.