തിരുവനന്തപുരം: പുതുവർഷത്തിലെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.(Low pressure and twin cyclones, Widespread rain in the state on Friday and Saturday)
അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ന്യൂനമർദ്ദമായി മാറും. തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാനാണ് സാധ്യത.
നിലവിൽ കന്യാകുമാരി കടലിനു മുകളിലും ലക്ഷദ്വീപിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലുമായി രണ്ട് ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി വെള്ളിയാഴ്ചയും ശനിയാഴ്ചയും കേരളത്തിൽ പരക്കെ മഴ ലഭിക്കും. ശനിയാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.