കോഴിക്കോട്: മരുതോങ്കര എക്കൽ പ്രദേശത്ത് ഭൂമിക്കടിയിൽ നിന്ന് ഉഗ്രമായ ശബ്ദവും ശക്തമായ കുലുക്കവും അനുഭവപ്പെട്ട സംഭവത്തിൽ, ഭൗമശാസ്ത്ര വിഭാഗത്തിലെ വിദഗ്ധർ ഇന്ന് സ്ഥലത്ത് വിശദമായ പരിശോധന നടത്തും. ശബ്ദമുണ്ടായതിന്റെ കാരണം ഉൾപ്പെടെ കണ്ടെത്താനാണ് വിദഗ്ധ സംഘത്തിന്റെ ശ്രമം.(Loud noise from underground in Ekkal, Geology department to conduct investigation today)
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് ഈ വലിയ ശബ്ദവും കുലുക്കവും അനുഭവപ്പെട്ടത്. ഇടിയുടെ ശബ്ദം പോലെ വലിയ മുഴക്കവും ഒപ്പം തന്നെ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. ഇത് ഭൂചലനം അനുഭവപ്പെട്ടതിന്റെ സൂചനയാണെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ.
എക്കലിന്റെ സമീപപ്രദേശങ്ങളിലും തൊട്ടടുത്ത ചക്കിട്ടപ്പാറ പഞ്ചായത്തിലെ പൂഴിതോട്ടിലും ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടിട്ടുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് റവന്യു - പഞ്ചായത്ത് അധികൃതർ ഇന്നലെ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തിയിരുന്നു. ഇന്നത്തെ ഭൗമശാസ്ത്ര വിഭാഗത്തിന്റെ പരിശോധനയിൽ സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷ.