തിരുവനന്തപുരം: ആക്കുളം പാലത്തിന് സമീപം എം-സാൻഡ് കയറ്റി വന്ന ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് വൻ അപകടം. നിയന്ത്രണം വിട്ട ലോറി കാറിന് മുകളിലേക്ക് മറിഞ്ഞെങ്കിലും ഉള്ളിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു അപകടം നടന്നത്.(Lorry overturns on top of car, Doctor and siblings miraculously survives)
ആക്കുളത്തുനിന്നും കുളത്തൂർ ഭാഗത്തേക്ക് എം-സാൻഡുമായി പോവുകയായിരുന്നു ടിപ്പർ ലോറി. യാത്രയ്ക്കിടെ ലോറിയുടെ പിൻഭാഗത്തെ ടയർ പൊട്ടി നിയന്ത്രണം നഷ്ടമാവുകയായിരുന്നു. റോഡിന്റെ വലതുവശത്തേക്ക് നീങ്ങിയ ലോറി തൊട്ടടുത്ത് സഞ്ചരിച്ചിരുന്ന കാറിന് മുകളിലേക്ക് ചരിഞ്ഞു വീഴുകയായിരുന്നു.
ശ്രീകാര്യം സ്വദേശിയായ ഡോക്ടർ മിലിന്ദും അദ്ദേഹത്തിന്റെ രണ്ട് സഹോദരങ്ങളുമാണ് കാറിലുണ്ടായിരുന്നത്. ലോറി മറിഞ്ഞതോടെ മണൽ കാറിന് മുകളിലേക്ക് വീണെങ്കിലും യാത്രക്കാർക്ക് പരിക്കേൽക്കാതെ രക്ഷപ്പെടാൻ സാധിച്ചു.