കണ്ണൂർ: നടുവിൽ താവുകുന്നിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. ഛത്തീസ്ഗഢ് സ്വദേശിയായ നന്ദുലാൽ (22) ആണ് മരിച്ചത്. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്.(Lorry overturns in Kannur, Chhattisgarh native dies)
കുഴൽക്കിണർ ജോലികൾ കഴിഞ്ഞ് വരികയായിരുന്ന ഛത്തീസ്ഗഢ് സ്വദേശികളായ എട്ട് തൊഴിലാളികളാണ് ലോറിയിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ലോറി ഒരു തോട്ടത്തിലേക്ക് മറിയുകയും അവിടെ ഒരു മരത്തിൽ തട്ടി നിൽക്കുകയുമായിരുന്നു.
ലോറിക്കകത്ത് മുൻവശത്തെ കാബിനിലും പിറകുവശത്തുമായിട്ടായിരുന്നു തൊഴിലാളികൾ ഉണ്ടായിരുന്നത്. അപകടത്തിൽ ഒരാൾ ലോറിക്ക് അടിയിലേക്ക് പോയിരുന്നു. ആദ്യഘട്ടത്തിൽ നാട്ടുകാരും പിന്നീട് ഫയർഫോഴ്‌സും സ്ഥലത്തെത്തി ലോറി വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
എന്നാൽ, ഒരാളെ പുറത്തെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ക്രെയിൻ എത്തിച്ച് ലോറി ഉയർത്തിയ ശേഷമാണ് അടിയിൽ അകപ്പെട്ട നന്ദുലാലിനെ പുറത്തെത്തിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.