

ആലപ്പുഴ: നാഗാരാധനയ്ക്ക് പ്രസിദ്ധമായ മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ തുലാമാസ ആയില്യം മഹോത്സവം നാളെ നടക്കും. ആയില്യം പൂജയും എഴുന്നള്ളത്തുമാണ് നാളത്തെ പ്രധാന ചടങ്ങുകൾ. ആയില്യം നാളിൽ വാസുകി ഭാവത്തിലുള്ള തിരുവാഭരണമാണ് നാഗരാജാവിന് ചാർത്തുക.(Local holiday on Wednesday in Alappuzha district)
രാവിലെ 9 മണി മുതൽ ഇല്ലത്ത് നിലവറയ്ക്ക് സമീപം ക്ഷേത്രം വലിയമ്മ സാവിത്രി അന്തർജനം ഭക്തജനങ്ങൾക്കായി ദർശനം നൽകും. ഉച്ചപ്പൂജയ്ക്ക് ശേഷം കുടുംബ കാരണവരുടെ നേതൃത്വത്തിൽ നിലവറയോട് ചേർന്നുള്ള തളത്തിൽ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജയ്ക്കായുള്ള നാഗപത്മക്കളം വരയ്ക്കും.
കളം പൂർത്തിയാകുന്നതോടെ വലിയമ്മ തീർഥക്കുളത്തിൽ കുളിച്ച് ക്ഷേത്രത്തിലെത്തി ചടങ്ങുകൾക്കു ശേഷം ആയില്യം എഴുന്നള്ളത്ത് നടത്തും.
മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം ദിനമായ നവംബർ 12, ബുധനാഴ്ച ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായി. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല, അവ സാധാരണപോലെ നടക്കും.