ചക്കുളത്തുകാവ് പൊങ്കാല: ആലപ്പുഴയിലെ 4 താലൂക്കുകളിൽ പ്രാദേശിക അവധി | Local holiday

വിപുലമായ യാത്രാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്
ചക്കുളത്തുകാവ് പൊങ്കാല: ആലപ്പുഴയിലെ 4 താലൂക്കുകളിൽ പ്രാദേശിക അവധി | Local holiday
Updated on

ആലപ്പുഴ: പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. റെസിഡൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കുമാണ് ജില്ലാ കളക്ടർ അവധി നൽകിയിട്ടുള്ളത്.(Local holiday in 4 taluks of Alappuzha)

ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ എന്നീ താലൂക്കുകളിലാണ് അവധി ബാധകമാവുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ചുമതലകളുള്ള ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമല്ല. മുൻ നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകൾക്ക് യാതൊരു മാറ്റവുമില്ലെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.

അഭീഷ്ടകാര്യ സിദ്ധി, മംഗല്യഭാഗ്യം, ഐശ്വര്യപ്രാപ്തി എന്നിവയ്ക്കായി ഭക്തർ ചക്കുളത്തമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്നതാണ് ഇവിടുത്തെ പ്രധാന ചടങ്ങ്. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തരാണ് പൊങ്കാലയിടാൻ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്.

ക്ഷേത്രത്തിൽ നിന്ന് തുടങ്ങി മുളക്കുഴ, ഇടിഞ്ഞില്ലം - തിരുവല്ല, വള്ളംകുളം - കറ്റോട്, ചെന്നിത്തല - പൊടിയാടി, വീയപുരം, പച്ച - എടത്വാ, മുട്ടാർ തുടങ്ങി വിവിധ റോഡരികുകളിലൂടെ പൊങ്കാലയർപ്പണം നടക്കും.

ഭക്തരുടെ സൗകര്യത്തിനായി വിപുലമായ യാത്രാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്ഥിരം സർവീസിന് പുറമെ വിവിധ കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ നിന്നായി നിരവധി പ്രത്യേക സർവീസുകൾ നടത്തും. ഭക്തരെ സഹായിക്കുന്നതിനായി വിവിധ ഇൻഫർമേഷൻ സെന്ററുകളും പോലീസുകാരും ക്ഷേത്ര വൊളന്റിയർമാരും സജ്ജരായി രംഗത്തുണ്ടാകും.

Related Stories

No stories found.
Times Kerala
timeskerala.com