തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുന്നു: കൊച്ചി കോർപ്പറേഷൻ പിടിക്കാൻ മുന്നണികളുടെ തീവ്രശ്രമം | Local elections
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ എന്തുവിലകൊടുത്തും കൊച്ചി കോർപ്പറേഷൻ ഭരണം തിരിച്ചുപിടിക്കാനാണ് മുന്നണികൾ ശ്രമിക്കുന്നത്. അഭിമാന പദ്ധതികൾ ഉയർത്തിക്കാട്ടി ഭരണത്തുടർച്ചയ്ക്കായി എൽഡിഎഫ് വോട്ട് തേടുമ്പോൾ, ഉൾപാർട്ടി പ്രശ്നങ്ങൾ പരിഹരിച്ച് ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കോട്ട തിരിച്ചുപിടിക്കാനാണ് യുഡിഎഫിന്റെ ശ്രമം. സീറ്റുകളുടെ എണ്ണം കൂട്ടാൻ ബിജെപിയും കോർപ്പറേഷനിൽ അക്കൗണ്ട് തുറക്കാൻ ട്വന്റി 20-യും രംഗത്തുണ്ട്.( Local elections, desperate efforts to capture Kochi Corporation)
ഒരു കാലത്ത് യുഡിഎഫിന്റെ ശക്തിദുർഗമായിരുന്നു കൊച്ചി കോർപ്പറേഷൻ. എന്നാൽ, കഴിഞ്ഞ തവണ വിമതരെ ഒപ്പം നിർത്തി എൽഡിഎഫ് ഭരണം പിടിച്ചെടുത്തു. അന്ന് 74 ഡിവിഷനുകളുണ്ടായിരുന്ന കോർപ്പറേഷനിൽ മൂന്ന് യുഡിഎഫ് വിമതർ ഉൾപ്പെടെ 33 പേരാണ് എൽഡിഎഫിന് ഉണ്ടായിരുന്നത്. യുഡിഎഫിന് 32-ഉം ബിജെപിക്ക് അഞ്ചും സീറ്റുകൾ ലഭിച്ചു. ഇത്തവണ പള്ളുരുത്തി ഈസ്റ്റും മുണ്ടംവേലി ഈസ്റ്റും പുതുതായി ചേർത്തതോടെ ഡിവിഷനുകളുടെ എണ്ണം 76 ആയി വർധിച്ചു.
നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും ടേം പൂർത്തിയാക്കാനായതിന്റെ ആത്മവിശ്വാസം എൽഡിഎഫിനുണ്ട്. ബ്രഹ്മപുരം പ്ലാന്റ്, പുതിയ കോർപ്പറേഷൻ മന്ദിരം, പുതുക്കിപ്പണിഞ്ഞ മാർക്കറ്റ്, തുരുത്തി ഫ്ലാറ്റ് എന്നിങ്ങനെയുള്ള വലിയ വികസന പദ്ധതികൾ എടുത്തുപറഞ്ഞാണ് ഇത്തവണ എൽഡിഎഫ് വോട്ടുതേടുക.
ടോണി ചമ്മണി മേയറായ കാലത്ത് തുടങ്ങിയ കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് വഴിയുള്ള വികസനമല്ലാതെ പുതിയതായി ഒന്നും ചെയ്തിട്ടില്ലെന്നാണ് എൽഡിഎഫിന്റെ അവകാശവാദങ്ങൾക്ക് യുഡിഎഫ് മറുപടി നൽകുന്നത്. കൊച്ചി കോർപ്പറേഷൻ ഭരണം തിരിച്ചുപിടിക്കൽ യുഡിഎഫിന്റെ അഭിമാനപ്രശ്നമാണ്. വോട്ട് ചേർക്കാനും വീടുകയറാനുമുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ മുന്നിലെത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എന്നാൽ സ്ഥാനാർത്ഥി നിർണയം ഇപ്പോഴും അവർക്ക് വലിയ കടമ്പയാണ്.
കഴിഞ്ഞതവണ സ്ഥാനാർത്ഥി തർക്കങ്ങളും വിമതശല്യവുമാണ് യുഡിഎഫിന് ഭരണം നഷ്ടമാക്കിയത്. ഇത്തവണ പ്രതിപക്ഷനേതാവ് നേരിട്ടാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ വിലയിരുത്തലും മേൽനോട്ടവും നടത്തുന്നത്.
2020-ൽ അഞ്ച് ഡിവിഷൻ നേടിയ ബിജെപിക്ക് ഇക്കുറി വലിയ ലക്ഷ്യങ്ങളുണ്ട്. തൃശ്ശൂരിൽ ചെയ്തതുപോലെ പ്രവർത്തനങ്ങൾ നിശബ്ദമായി നടക്കുന്നുണ്ടെന്നാണ് ബിജെപി ക്യാമ്പിന്റെ അവകാശവാദം. സുരേഷ് ഗോപിയെ അടക്കം എത്തിച്ച് പ്രാദേശിക കൂട്ടായ്മകളും യോഗങ്ങളും കൊച്ചിയിൽ സജീവമാണ്.
കഴിഞ്ഞ തവണ യുഡിഎഫ് വോട്ടുകൾ അടർത്തിയെടുത്ത വീ ഫോർ കൊച്ചിയെന്ന കൂട്ടായ്മയുടെ പിൻബലത്തിൽ മത്സരരംഗത്തെത്തുന്ന ട്വന്റി 20 ആരുടെ വോട്ട് ബാങ്കിലേക്കാകും ഇടിച്ചുകയറുകയെന്നത് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ നിർണായകമാകും.